 
തൃശൂർ: പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ന്യൂനപക്ഷ വോട്ട് സ്വാധീനിക്കാനുള്ള തന്ത്രമൊരുക്കി മുന്നണികൾ. പതിനായിരത്തോളം ക്രൈസ്തവ വോട്ട് മണ്ഡലത്തിലുണ്ടെന്നാണ് കണക്കുകൾ. മത്സരം കടുത്തതോടെ ഈ വോട്ടും പുതുതായി ചേർക്കപ്പെട്ട 10,830 വോട്ടും നിർണായകമാകും.
സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും ഉന്നത നേതാക്കൾ വഴി പുരോഹിതരെ കണ്ട് സഹായമഭ്യർത്ഥിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 39,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ. രാധാകൃഷ്ണൻ ജയിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ രാധാകൃഷ്ണന്റെ ഭൂരിപക്ഷം അയ്യായിരത്തോളമായി കുറഞ്ഞിരുന്നു. ഇതിലാണ് യു.ഡി.എഫ് ക്യാമ്പിലെ പ്രതീക്ഷ.
മതമേലദ്ധ്യക്ഷന്മാരുടെ സഹായം രഹസ്യമായി ലഭ്യമാക്കാനുള്ള നീക്കമാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇടപെട്ട് നടത്തുന്നത്. അതേസമയം ക്രൈസ്തവ വിഭാഗം തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. തുടക്കത്തിലെ വിജയസാദ്ധ്യതകളെ ഇല്ലാതാക്കുന്ന സാഹചര്യം മനസിലാക്കി ഇടതുക്യാമ്പും ക്രൈസ്തവ വോട്ട്  തങ്ങളുടെ പക്ഷത്താക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
പരസ്യവിമർശം സൂചന !
ആർക്ക് വോട്ട് ചെയ്യണമെന്ന് മതമേലദ്ധ്യക്ഷന്മാർ പരസ്യമായി പറയാറില്ലെങ്കിലും ചിലർക്കെതിരെ വിമർശനം നടത്തുന്നത് വഴിയാണ് നിലപാടെന്തെന്ന് വിശ്വാസികളെ ബോദ്ധ്യപ്പെടുത്തുന്നത്. സർക്കാർ വിരുദ്ധ വികാരം ആളിക്കത്തിക്കാതിരിക്കാൻ ഭരണകക്ഷി ശ്രമം നടത്തുന്നുണ്ടെങ്കിലും ചിലയിടങ്ങളിലൊക്കെ അത്തരം നീക്കങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ കോൺഗ്രസും ബി.ജെ.പിയും ഭരണവിരുദ്ധ വികാരം പരമാവധി ആളിക്കത്തിച്ച് ന്യൂനപക്ഷങ്ങളെ തങ്ങൾക്കൊപ്പം നിറുത്താനാണ് ശ്രമിക്കുന്നത്.
ക്രൈസ്തവ വോട്ട് ഇങ്ങനെ
റോമൻ കാത്തലിക് 70 %
യാക്കോബായ 18 %
പെന്തക്കോസ്ത് വിഭാഗം 12%