
തൃശൂർ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള ഉഹ്രു കൊടുമുടി കീഴടക്കിയതിന് പാണഞ്ചേരി സ്വദേശി സുരജ് രഘുനാഥിന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് ലഭിച്ചു. പർവതാരോഹണത്തിന് ആദ്യമായാണ് ഒരു മലയാളിക്കിത് കിട്ടുന്നത്. ടാൻസാനിയയിലെ കിളിമഞ്ചാരോയിലാണ് 5,895 മീറ്റർ ഉയരമുള്ള കൊടുമുടി കഴിഞ്ഞ ജൂലായിലാണ് കീഴടക്കിയത്. റഷ്യൻ ഭൂഖണ്ഡത്തിലെ എറ്റവും ഉയരമുള്ള (18,510 അടി) മൗണ്ട് എൽബ്രസ് കീഴടക്കാനുള്ള പരിശീലനത്തിലാണിപ്പോൾ. തൃശൂർ സഫയർ എൻട്രൻസ് കോച്ചിംഗ് സെന്ററിലെ അക്കാഡമിക്ക് കൗൺസിലറായ സൂരജ് (33) അവധിയെടുത്താണ് യാത്ര നടത്തിയത്. കുറഞ്ഞ ദിവസത്തിനുള്ളിൽ ഉഹ്രു കൊടുമുടി കീഴടക്കി ഇന്ത്യൻ പതാക ഉയർത്തിയതിനാണ് റെക്കാഡ്. ഉഹ്രു കൊടുമുടി കീഴടക്കാനാകുന്ന അഞ്ച് വഴികളിൽ ഏറ്റവും കഠിനവും അപകടം നിറഞ്ഞതുമായ മച്ചാമേ ക്യാമ്പ് വഴി ഓക്‌സിജൻ സിലിണ്ടറുകളുടെ സഹായമില്ലാതെ തനിച്ചാണ് സഞ്ചരിച്ചത്. ഇന്ത്യയിലും നേപ്പാളിലുമായി 20ഓളം കൊടുമുടികൾ സൂരജ് കീഴടക്കിയിട്ടുണ്ട്. ആറ് ദിവസം സഞ്ചരിച്ചാണ് ഉഹ്രുവിലെത്തിയത്. പാണഞ്ചേരി തെക്കൂട്ട് രഘുനാഥിന്റെയും സുഷയുടെയും മകനാണ് സൂരജ്.
'മിഷൻ 28 ഭാരത് ശിഖാർ'
സാഹസികത, സാമൂഹ്യ ഉത്തരവാദിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പ്രാധാന്യം എല്ലാവരിലുമെത്തിക്കാൻ 'സേവ് എർത്ത് വിത്തൗട്ട് ഡ്രഗ്‌സ് ' എന്ന മുദ്രാവാക്യവുമായി സുഹൃത്ത് ഹാത്തിം ഇസ്മയിലുമായി ചേർന്ന് 'മിഷൻ 28 ഭാരത് ശിഖാർ' യാത്രയും സൂരജ് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും ഏറ്റവും ഉയർന്ന പർവതങ്ങൾ കീഴടക്കും. ഇതിന്റെ ഭാഗമായി തമിഴ്‌നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിങ്ങളിലെ കൊടുമുടികൾ കീഴടക്കിക്കഴിഞ്ഞു.
അവധിയെടുത്താണ് യാത്ര. എൽബ്രസ് യാത്രയ്ക്ക് അഞ്ച് ലക്ഷത്തോളം ചെലവാകും. സ്വന്തമായും സ്‌പോൺസർഷിഷിലൂടെയുമാണ് തുക കണ്ടെത്തുന്നത്.
സൂരജ്