തൃശൂർ: സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിന്റെയും തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും സഹകരണത്തോടെ ബംഗാൾ കലോത്സവം 11, 12 തീയതികളിൽ റീജ്യണൽ തിയറ്ററിൽ നടക്കുമെന്ന് അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി അറിയിച്ചു. 11ന് വൈകിട്ട് 5.30 ന് കലാമണ്ഡലം വൈസ് ചെയർമാൻ ഡോ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ അദ്ധ്യക്ഷനാകും. അശോകൻ ചരുവിൽ മുഖ്യാതിഥിയാകും. 7.30ന് ഗൗഡീ നൃത്യ ഭാരതി അവതരിപ്പിക്കുന്ന ഗൗഡിയ നൃത്യ അരങ്ങേറും. എട്ടിന് മഹാമായ അക്കാഡമി അവതരിപ്പിക്കുന്ന ബംഗാളിന്റെ പരമ്പരാഗത നൃത്തമായ പുരുലിയ ഛൗവും അരങ്ങേറും. 12ന് വൈകിട്ട് 6.30ന് രവീന്ദ്രനാഥ ടാഗോറിന്റെ ചണ്ഡാലിക എന്ന നാടകം നൃത്തസംഗീത നാടകമായി അരങ്ങിലെത്തും. പ്രവേശനം സൗജന്യമാണ്. പ്രോഗ്രാം ഓഫീസർ വി.കെ. അനിൽ കുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.