ഇന്നും നാളെയും മുഖ്യമന്ത്രി ചേലക്കരയിൽ
തൃശൂർ: മറ്റന്നാൾ പ്രചാരണത്തിന്റെ കൊട്ടിക്കലാശം. ശബ്ദപ്രചരണത്തിന് മൂന്നുനാൾ മാത്രം ശേഷിക്കെ എതിരാളികൾക്കെതിരെ എല്ലാ അസ്ത്രവും പ്രയോഗിക്കുകയാണ് മൂന്നു മുന്നണികളും. ഒട്ടും പിന്നില്ലാതെ അൻവറിന്റെ ഡി.എം.കെയുമുണ്ട്. ചേലക്കരയുടെ മുക്കും മൂലയും ആവേശതിമിർപ്പിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നാളെയും ചേലക്കരയിലുണ്ട്. പി.പി. ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ കാരണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്നും കളക്ടർ മൊഴി മാറ്റിയത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇവിടെ വച്ച് മറുപടി നൽകിയേക്കും.
പൊതുയോഗം കുറച്ച് മുഖ്യമന്ത്രി
ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 12 സ്ഥലങ്ങളിൽ പ്രസംഗിക്കുമെന്നായിരുന്നു എൽ.ഡി.എഫ് നേരത്തെ അറിയിച്ചിരുന്നത്. ആറ് കേന്ദ്രങ്ങളിൽ ഇന്ന് മുഖ്യമന്ത്രി പ്രസംഗിക്കുമെന്നത് മൂന്നിടങ്ങളിൽ മാത്രമാക്കി. രാവിലെ 10.30ന് വരവൂരും വൈകിട്ട് 4.30ന് ദേശമംഗലത്തും 5.30ന് വള്ളത്തോൾ നഗറിലും മാത്രമേ മുഖ്യമന്ത്രി പ്രസംഗിക്കൂവെന്നാണ് പുതിയ അറിയിപ്പ്. നാളെ നടക്കേണ്ട ആറ് പരിപാടികളും പകുതിയാക്കി കുറച്ചിട്ടുണ്ട്. നാളെ രാവിലെ 10.30ന് കൊണ്ടാഴിയിലാണ് ആദ്യ പൊതുയോഗം. വൈകിട്ട് 4.30ന് പഴയന്നൂരും 5.30ന് തിരുവില്വാമലയിലും മുഖ്യമന്ത്രിയെത്തും.
ജനാധിപത്യ വിശ്വാസികളെ...
പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ, നിങ്ങളുടെ വിലയേറിയ സമ്മതിദാനവകാശം നമ്മുടെ സ്ഥാനാർത്ഥിക്ക് രേഖപ്പെടുത്തണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു... ചേലക്കരയുടെ മുക്കും മൂലയും കഴിഞ്ഞ കുറെ ദിവസങ്ങളിലായി മുഴങ്ങുകയാണ് ശബ്ദപ്രചരണം. അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇതിനിടെ കിടിലൻ പാരഡി ഗാനങ്ങളും പ്രചാരണം കൊഴുപ്പിക്കുന്നു. കവലകൾ തോറും പ്രകടനങ്ങളും പൊതുയോഗങ്ങളുമുണ്ട്. മുൻനിര നേതാക്കൾ തന്നെയാണ് പ്രാസംഗികർ.
കണ്ണ് കൂർപ്പിച്ച് ഉദ്യോഗസ്ഥർ
ചട്ടലംഘനക്കാരെ പിടികൂടാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സജീവം. കള്ളപ്പണം തടയുന്നത് ഉൾപ്പെടെയുള്ള സ്‌ക്വാഡുകൾ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്നു മുന്നണികളുടെയും കൊടി തോരണങ്ങളും പ്രചാരണ ബോർഡുകളും കൊണ്ട് വഴിയോരങ്ങൾ വർണാഭം. പൊതുസ്ഥലങ്ങളിൽ ബോർഡുകൾ വയ്ക്കാൻ അനുവാദമില്ലാത്തതിനാൽ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ് മിക്കവയും. ചട്ടം ലംഘിച്ച് പൊതുഇടത്ത് ഒട്ടിച്ച നൂറുക്കണക്കിന് പോസ്റ്ററുകൾ ഇതിനകം നശിപ്പിച്ചു. ഉദ്യോഗസ്ഥർ പോസ്റ്ററുകൾ നീക്കിയാലും പിന്നാലെ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.