temple
തണ്ടികപുറപ്പാട്

ചാലക്കുടി :ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന തൃപ്പുത്തരി, മുക്കുടി നിവേദ്യങ്ങൾക്കുള്ള സാമഗ്രികൾ അടങ്ങിയ വിഭവങ്ങൾ തണ്ടികയായി പോട്ടയിൽ നിന്നും കൊണ്ടുപോയി. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ചടങ്ങൾക്ക് ശേഷമാണ് പോട്ടയിലെ ദേവസ്വത്തിന്റെ പ്രവൃത്തി കച്ചേരിയിൽ നിന്നും തണ്ടിക സംഘം പുറപ്പെട്ടത്. എട്ടര തണ്ട് നേന്ത്രപ്പഴം,രണ്ട് തണ്ട് കദളിപ്പഴം എന്നിവ ചുമലിലേറ്റി ശംഖ് ആർപ്പോ വിളികളുമായി കാൽനടയായാണ് സംഘം ഭഗവത് സന്നിധിയിലേക്ക് തിരിച്ചത്. രണ്ടു വട്ടി അരി , രണ്ട് കുല നേന്ത്രക്കായ , കുരുമുളക്,ഇഞ്ചി,വെറ്റില, അടയ്ക്ക,വഴുതന,പച്ച ചക്ക,വസ്ത്രം എന്നിവ അടങ്ങുന്ന ചെറു പൊതി എന്നിവയും തണ്ടികയിൽ ഉൾപ്പെടുന്നത്. മേത്താൾ മാടപ്പാട്ട് അപ്പു നായരാണ് സംഘത്തിന് നേതൃത്വം നൽകിയത്.ആചാരപ്രകാരം പണിക്ക വീട്ടിൽ ജഗദീഷ് വാളും പരിചയുമേന്തി മുൻനിരയിൽ നടന്നു. നിറത്തോക്കേന്തിയ പൊലീസും സംഘത്തിന് അകമ്പടിയായി. ഭക്തജനങ്ങൾക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. സനീഷ് കുമാർ ജോസഫ് എം.എൽ.എ, മുൻ എം. എൽ. എ പ്രൊഫ.സാവിത്രി ലക്ഷ്മണൻ, വത്സൻ ചമ്പക്കര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെഗോപി, അഡ്വ. കെ.ജി. അജയകുമാർ, ഡോ.മുരളി ഹരിതർ,രാഘവൻ മുളങ്ങാടൻ,കെ. ബിന്ദു തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. പാമ്പാമ്പോട്ട് ക്ഷേത്ര സമിതി പ്രസിഡന്റ് സി. എൻ. മനോഹരൻ,സെക്രട്ടറി കെ.ആർ. പീതാംബരൻ, എൻ.കുമാരൻ,കെ.ജി.സുന്ദരൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.