
തൃശൂർ : പിണറായി വിജയൻ, കെ.സുധാകരൻ, വി.ഡി.സതീശൻ, തുഷാർ വെള്ളാപ്പള്ളി, എ.പി അബ്ദുള്ളക്കുട്ടി തുടങ്ങി മുതിർന്ന നേതാക്കളെത്തിയതോടെ മുന്നണികളുടെ തിരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിയിൽ. ഇന്നലെ മണ്ഡലത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വി.ഡി.സതീശനും യു.ഡി.എഫ് ക്യാമ്പിന് ഊർജ്ജം പകർന്ന് രംഗത്തുണ്ട്. അതിനാൽ മൂന്ന് മുന്നണികളുടെയും പൊതുയോഗങ്ങളിൽ ജനപങ്കാളിത്തമേറി. ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ഇതുവരെയും കാണാത്ത വിധത്തിൽ ആവേശത്തോടെ, കലാശക്കൊട്ടിലേക്ക് നീങ്ങുകയാണ്. നാളെ കൊട്ടിക്കലാശം കഴിഞ്ഞാൽ മണ്ഡലത്തിന് പുറത്തുള്ള നേതാക്കൾ മണ്ഡലം വിടണം.
പ്രചാരണത്തിന്റെ അവസാനനാളിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം എൽ.ഡി.എഫിന് തെല്ലൊന്നുമല്ല ആത്മവിശ്വാസം പകരുന്നത്. ഇന്നലെയെത്തിയ മുഖ്യമന്ത്രി ഇന്നും മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും. ഇന്നലെ വരവൂർ തളിയിലായിരുന്നു ആദ്യ പൊതുയോഗം. കോൺഗ്രസിനെയും ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വൈകിട്ട് ദേശമംഗലം തലശേരി, ചെറുതുരുത്തി, നെടുമ്പുര എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് റാലികൾ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പത്തിന് കൊണ്ടാഴി സൗത്ത്, വൈകിട്ട് നാലരയ്ക്ക് പഴയന്നൂർ വടക്കേത്തറ, അഞ്ചരയ്ക്ക് തിരുവില്വാമല ഈസ്റ്റ് എന്നിവിടങ്ങളിലും റാലി ഉദ്ഘാടനം ചെയ്യും. ഇന്നലെ നടന്ന പൊതുയോഗങ്ങളിൽ മന്ത്രിമാരായ കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പിള്ളി, അഹമ്മദ് ദേവർ കോവിൽ എം.എൽ.എ, കെ.രാധാകൃഷ്ണൻ എം.പി, കെ.കെ.വത്സരാജ്, എം.എം.വർഗീസ്, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സി.ആർ.വത്സൻ, പി.കെ.ബിജു എന്നിവർ പങ്കെടുത്തു.
ഹരം കൊള്ളിച്ച് സുധാകരൻ
ആവേശം വിതറുന്ന പ്രസംഗവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ യു.ഡി.എഫ് ക്യാമ്പിന് ആവേശം നൽകി. ഇന്നലെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കിള്ളിമംഗലത്ത് നിന്ന് ചേലക്കരയിലേക്ക് സംഘടിപ്പിച്ച് സ്റ്റുഡന്റ്‌സ് ഒഫ് ചേലക്കര വാക്ക് വിത്ത് രമ്യ പരിപാടിയിലും മുള്ളൂർക്കരയിൽ നിന്ന് ആറ്റൂർ മനപ്പടയിലേക്ക് നടത്തിയ യു.ഡി.എഫ് റാലിയിലും സുധാകരൻ പങ്കെടുത്തു. ചേലക്കരയിലും തിരുവില്വാമലയിലും നടന്ന പൊതുയോഗങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുത്തു. പാഞ്ഞാൾ, ചേലക്കര, വള്ളത്തോൾ നഗർ പഞ്ചായത്തിലായിരുന്നു ഇന്നലെ രമ്യ ഹരിദാസിന്റെ പര്യടനം.
ഗൃഹസമ്പർക്കവുമായി എൻ.ഡി.എ
ഇന്നലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ചേലക്കരയിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടിയും പൊതുയോഗങ്ങളിൽ പങ്കെടുത്തു. സ്ഥാനാർത്ഥിയുടെ സ്വീകരണപരിപാടികൾ പൂർത്തിയാക്കിയ എൻ.ഡി.എ സമ്പൂർണ ഗൃഹസമ്പർക്കമാണ് ഇന്ന് ലക്ഷ്യമിട്ടിരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ വീട്ടിലും പ്രവർത്തകരെത്തും.