 
തൃശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാദ്വീപിൽ ഒരു വർഷം നീണ്ടുനിന്ന പഠനത്തിൽ കണ്ടെത്തിയത് 59 ഇനം തുമ്പികളെ. ഇതിൽ 32 ഇനം കല്ലൻത്തുമ്പികളും 27 ഇനം സൂചിത്തുമ്പികളുമാണ്. ദ്വീപിലെ സസ്യഘടന, ജലത്തിന്റെ അമ്ലത്വം, അന്തരീക്ഷതാപം എന്നിവ തുമ്പികളുടെ വൈവിദ്ധ്യത്തെ നിയന്ത്രിക്കുന്നതായി കണ്ടെത്തി.തെക്കേ കർണാടകത്തിലും കുറുവാദ്വീപിലും മാത്രം കാണപ്പെടുന്ന ചുട്ടിച്ചിറകൻ മുളവാലൻ തുമ്പി പുഴയോരക്കാടുകളിലെ മരങ്ങളുടെ മുങ്ങിക്കിടക്കുന്ന വേരുകളിലാണ് മുട്ടയിടുന്നതെന്നും തിരിച്ചറിഞ്ഞു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായി നടത്തിവരുന്ന 'സേവ് അവർ സ്പീഷീസ്' എന്ന പദ്ധതിയുടെ ധനസഹായത്തോടെയാണ് പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ്, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി അംഗങ്ങളായ മുനീർ തോൽപ്പെട്ടി, എം. മാധവൻ എന്നിവർ പങ്കെടുത്തു. പഠനഫലങ്ങൾ ജേർണൽ ഓഫ് ഇൻസ്‌ക്ട് ബയോഡൈവേർസിറ്റി ആൻഡ് സിസ്റ്റമാറ്റിക്‌സ് എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.
സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട കുറുവാദ്വീപിൽ തുമ്പികളെക്കുറിച്ചും ജൈവവൈവിദ്ധ്യ സംരക്ഷണത്തെ പറ്റിയും അവബോധമുണ്ടാക്കാൻ വന സംരക്ഷണ സമിതിയിലെ ജീവനക്കാരെ പരിശീലനം നൽകി ഉപയോഗിക്കാം.
വിവേക് ചന്ദ്രൻചുട്ടിച്ചിറകൻ മുളവാലൻ