c
C

ചേർപ്പ് : ചേനം മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമായി. ചേർപ്പ്, ചിറ്റൂർ മന റോഡ്, തായംകുളങ്ങര, പടിഞ്ഞാട്ടു മുറി കടാമ്പുഴ, കുളത്തൂർ റോഡ് എന്നിവിടങ്ങളിലാണ് ഏറെയും നായ ശല്യമുള്ളത്. പ്രഭാത സവാരിക്കിറങ്ങുന്നവരെയും പാൽ, പത്ര വിതരണക്കാരെയും രാത്രി ജോലി കഴിഞ്ഞ് നടന്നുപോകുന്നവരെയും നായകൾ ആക്രമിക്കുന്നത് പതിവാണ്. പ്രദേശത്ത് ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് മൂലം അവ ഭക്ഷിക്കാനാണ് നായകൾ കൂട്ടമായി എത്തുന്നത്. തെരുവ് വിളക്കുകളുടെ അഭാവവും നായകൾ സംഘടിക്കുന്നതിന് സഹായകമാകുന്നു. എന്നാൽ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ നിസംഗഭാവത്തിലാണ് പഞ്ചായത്ത് അധികൃതർ. മാലിന്യം തള്ളുന്നത് യഥേഷ്ടം നടക്കുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കാൻ പഞ്ചായത്ത് മുതിരുന്നില്ല. മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും അത് യഥാസമയം വിലയിരുത്തി മാലിന്യം തള്ളുന്നവരെ പിടികൂടാനും തയ്യാറാകണം. മാലിന്യം തള്ളുന്നത് കർശനമായി തടയാനും തെരുവ് നായകളെ പിടികൂടാനും പഞ്ചായത്തും ബന്ധപ്പെട്ടവരും നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

മൂന്ന് പേർക്ക് കടിയേറ്റു
കഴിഞ്ഞ ദിവസം ചേനത്ത് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. രാത്രികാലങ്ങളിൽ ആളുകൾക്കും വാഹനങ്ങൾക്കും പുറകെ ഓടുന്നതും പതിവാണ്. വീടിനോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും നായകൾ സംഘം ചേരുകയും കടിപിടികൂടുകയും ചെയ്യുന്നത് പതിവാണ്.

ഭക്ഷണാവശിഷ്ടങ്ങൾ തിന്നാനാണ് തെരുവ് നായകൾ എത്തുന്നത്. അവ പലപ്പോഴും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കും. നായ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് പ്രാഥമിക ചികിത്സാ ഫണ്ട് പഞ്ചായത്ത് നൽകാറുണ്ട്.
- മിനി വിനയൻ
(പാറളം പഞ്ചായത്ത് പ്രസിഡന്റ്)

കാപ്ഷൻ............
ചേർപ്പ് പടിഞ്ഞാട്ടുമുറി-കടാമ്പുഴ റോഡിലെ ഒരു വീട്ടിലേക്ക് സംഘമായെത്തുന്ന തെരുവ് നായകൾ.