തൃശൂർ : മിഥിലാപുരിയിലെ രാജ്ഞിയായ, യോദ്ധാവായ സീതയെ, മെയ്യഭ്യാസമുറകളിലൂടെ ആവിഷ്‌കരിക്കുന്ന നാടക രൂപം 'സീത' 16 ന് വൈകിട്ട് ആറിന് തൃശൂർ സംഗീത നാടക അക്കാഡമി കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററിൽ അരങ്ങിലെത്തും. കളരിപ്പയറ്റിന്റെയും ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളുടെയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് നവനീതം കൾച്ചറൽ ട്രസ്റ്റ് ഈ ഫിസിക്കൽ തിയേറ്റർ രൂപപ്പെടുത്തിയത്.
അമീഷ് ത്രിപാഠിയുടെ സീത വാരിയർ ഒഫ് മിഥില' എന്ന കൃതിയിലെ വീരയോദ്ധാവായ സീത എന്ന സങ്കൽപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആവിഷ്ക്കാരം. കളരിപ്പയറ്റ്, കഥകളി, നങ്ങ്യാർക്കൂത്ത്, ഭരതനാട്യം, കഥക് എന്നിവ കൂടാതെ ഗുജറാത്തി നാടോടി നൃത്തം രാസ് കൂടി ഈ നാടക രൂപത്തിൽ സംയോജിപ്പിക്കും. സീതയുടെ കുട്ടിക്കാലം മുതൽ ലങ്കാദഹനം വരെയുള്ള കഥാതന്തുവാണ് പ്രമേയം. സീത, രാമൻ, രാവണൻ, ശൂർപ്പണഖ, സമീചി, സുനൈന, ജഡായു എന്നീ കഥാപാത്രങ്ങളാണ് രംഗത്തെത്തുന്നത്. കലാക്ഷേത്ര രാഖി സതീഷ്, തുളസീ കുമാർ, കലാമണ്ഡലം ശ്രീലക്ഷ്മി, വിനീത വേണുഗോപാൽ, പൈങ്കുളം രാഹുൽ ബിജു, പ്രജിൽ എടപ്പാൾ, ദിൽനാ ശ്രീധർ, വേദ സന്തോഷ്, വേദ ബോസ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ ഡയറക്ടറും കളരിപ്പയറ്റ് ആയോധന കലയിൽ നിപുണനുമായ ബെൽരാജ് സോണിയാണ് സംവിധായകൻ. കേന്ദ്ര സാസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സീത അരങ്ങിലെത്തിക്കുന്നത്.