അന്നമനട : പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നുവരുന്ന മാള ഉപജില്ലാ സ്‌കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധ നേടുകയാണ് കുരുത്തോലയിൽ അണിയിച്ചൊരുക്കിയ കുട്ടകൾ. കുഴൂരിലെ കൈവേല, നാടൻപാട്ട് കലാകാരൻ മണപ്പുറത്ത് പ്രസാദ് (43) കുരുത്തോലയിൽ നിർമ്മിച്ച ഈ കുട്ടകളാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി സംഘാടകർ കലോത്സവ നഗരിയിൽ സ്ഥാപിച്ചിട്ടുള്ളത്. ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സംഘാടകർ കുരുത്തോല കൊട്ടകൾ സ്ഥാപിച്ചിട്ടുള്ളത്.
കുരുത്തോല, പച്ചോല എന്നിവ കൊണ്ട് നിരവധി രൂപങ്ങളും പുഷ്പങ്ങൾ, കുട്ടകൾ, ആൾരൂപങ്ങൾ, കെട്ടിടങ്ങളുടെ മാതൃകകൾ എന്നിവ ഉണ്ടാക്കി ശ്രദ്ധേയനാണ് പ്രസാദ്. കരിന്തലക്കൂട്ടം നാടൻപാട്ട് കലാസംഘത്തിലെ അംഗമാണ് പത്താം ക്ലാസുകാരനായ പ്രസാദ്.
ചെറുപ്പത്തിലെ കുരുത്തോല, പച്ചയോല എന്നിവ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കുമായിരുന്നു പ്രസാദ്. വർഷം കടന്നുപോയതോടെ ഓലയിൽ എന്ത് രൂപവും ഉണ്ടാക്കാൻ പ്രാവീണ്യം നേടി. 2019ൽ പത്തനംതിട്ട മല്ലപ്പിള്ളിയിലെ കരിംപൊളി അവാർഡിന് അർഹനായിരുന്നു. കോഴിക്കോട് പാട്ടുക്കൂട്ടത്തിന്റെ ഏഴാമത് കലാഭവൻ മണി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കേരളത്തിന് പുറത്തും ഇന്ത്യക്ക് വെളിയിലും കൈവേലകൾ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. മലേഷ്യയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനും പച്ചോല കൊണ്ടും കുരുത്തോല കൊണ്ടുമുള്ള നിരവധി വസ്തുക്കൾ പ്രദർശിപ്പിക്കാനും വിദേശികളെ ഈ കലാരൂപം പഠിപ്പിക്കാനും അവസരം ലഭിച്ചു. സബിതയാണ് ഭാര്യ. മക്കൾ : അക്ഷയ്, അഷ്ടജ്.
ഇപ്പോൾ ഏറ്റവും കൂടുതൽ കുരുത്തോല കൊണ്ടുള്ള കലാവസ്തുക്കൾ ഉപയോഗിക്കുന്നത് ഇവന്റ് മാനേജ്‌മെന്റുകളാണ്. വിദേശികളുടെ കല്യാണത്തിന് സ്റ്റേജുകൾ, പന്തലുകൾ ഹാൾ എന്നിവ അലങ്കരിക്കാനാണ് ഉപയോഗിക്കുന്നത്. ഇപ്രകാരം ഓർഡറുകൾ കൂടുതൽ ലഭിക്കുന്നത് ചെന്നൈ, ബാംഗ്ലൂർ മുതലായ സ്ഥലങ്ങളിലെ റിസോർട്ടുകളിൽ നിന്നാണ്. ഈ കരകൗശലം കുട്ടികളെ പഠിപ്പിക്കാൻ തയ്യാറാണ്.
- പ്രസാദ്