rad

ചേലക്കര: പൊന്ന് ഊതിത്തെളിച്ച് ആഭരണമാക്കുന്ന അതേ സൂക്ഷ്മതയോടെയാണ് ചേലക്കര അന്തിമഹാകാളൻകാവ് കാരപ്പറമ്പിൽ വീട്ടിൽ കെ.വി.രാമകൃഷ്ണൻ വാർത്തകളെയും ഉറ്റുനോക്കുന്നത്. ജോലിക്കിടയിലും ചൂടൻ വാർത്താ വിശേഷങ്ങളൊക്കെ അറിയണം. പ്രത്യേകിച്ച് ചേലക്കരയിൽ തിരഞ്ഞെടുപ്പ് ചൂട് ഉയർന്നുനിൽക്കേ.

ചേലക്കര ടൗണിൽ വഴിയിട വിശ്രമ കേന്ദ്രത്തിന് സമീപം തന്റെ സ്വർണ്ണപ്പണിശാലയിലിരുന്ന് ജോലിക്കിടയിലും പ്രചാരണരംഗത്തെ കാര്യങ്ങൾ അറിയണം. സ്വർണ്ണപ്പണിയായതിനാൽ വാർത്ത നോക്കിയിരിക്കാൻ നേരമില്ല. കേട്ടിരിക്കാനേ പറ്റൂ. അതിനാൽ തന്റെ പ്രിയ റേഡിയോകൾ തന്നെയാണ് ഇപ്പോഴും ആശ്രയം. സന്തത സഹചാരിയെന്ന പോലെ എപ്പോഴും റോഡിയോയുണ്ടാകും.

ചെറുപ്പത്തിൽ അച്ഛൻ കൊണ്ടുവന്നു തന്ന റേഡിയോയിൽ തുടങ്ങിയ ഇഷ്ടം ചേലക്കര അന്തിമഹാകാളൻകാവ് കാരപ്പറമ്പിൽ വീട്ടിൽ കെ.വി.രാമകൃഷ്ണന് കൂടിയിട്ടേയുള്ളൂ. അച്ഛനും അമ്മാവനുമൊപ്പം സ്വർണ്ണപ്പണി ചെയ്തു വന്നപ്പോൾ ഇഷ്ടം അധികരിച്ചു. അറുപത്തിഅഞ്ചാം വയസിലും പൊന്നുപോലെ കാക്കുകയാണ് ആ റേഡിയോകളെ.

ആകാശവാണി വാണിയും ക്ലബ്ബ് എഫ്.എമ്മും ഒക്കെയായി ഏത് സമയവും റേഡിയോ ഓണായിരിക്കും. കടയിൽ ഒരുഭാഗത്ത് ഉപയോഗിച്ച് ഉപേക്ഷിച്ച റേഡിയോകളാണ്. ചേലക്കര അന്തിമഹാകാളൻകാവിന് സമീപത്തെ വീടിന്റെ ഒരു മുറി നിറയെയുമുണ്ട് റേഡിയോകളും ടേപ്പ് റെക്കാഡുകളും. മറ്റ് മുറികളിലേക്കും അത് നീണ്ടു. വാക്മാൻ മുതൽ വമ്പൻ സെറ്റുകൾ വരെയായി ഇരുനൂറ്റി അമ്പതോളം വിവിധ തരത്തിലും കമ്പനികളുടേതുമായ ശേഖരം. കേടുവന്നാലും ഒഴിവാക്കില്ല. ഇഷ്ടപ്പെട്ടത് കണ്ടാൽ ഇപ്പോഴും വാങ്ങിക്കൂട്ടും. ഇങ്ങനെ മർഫി, ഫിലിപ്സ്, എവറെഡി, കെൽട്രോൺ, അകായ്, ഐവ, നാഷണൽ പാനസോണിക് തുടങ്ങി കമ്പനികളേറെയുണ്ട് ഇക്കൂട്ടത്തിൽ. പണിത്തിരക്കിനിടയിലും തന്റെ ടേപ്പ് റെക്കാഡറുമായി ഉത്സവപ്പറമ്പിലെത്തി വാദ്യമേളങ്ങൾ റെക്കാഡ് ചെയ്ത് കൊണ്ടുവന്ന് കേട്ടാസ്വദിക്കും. വിദ്യാർത്ഥികൾക്ക് പഠനസംബന്ധമായ കാര്യങ്ങൾക്കല്ലാതെ റോഡിയോ ശേഖരത്തിൽ നിന്ന് ഒന്നു പോലും നഷ്ടപ്പെടുത്തില്ല എന്ന നിലപാടിലാണ് രാമകൃഷ്ണൻ. പുരനിറഞ്ഞ് റേഡിയോ കിടക്കുമ്പോഴും ഭാര്യ രാജേശ്വരിയും മക്കളായ ബ്രിട്ടീഷനും, ആൻഡ്രില ക്ലർക്കും, മൃദുലയും അദ്ദേഹത്തിന്റെ ഇഷ്ടത്തിന് കൂട്ടുനിൽക്കുന്നു.