കൊടുങ്ങല്ലൂർ : പാലം നിർമ്മാണം നടക്കുന്നത് മൂലം നിറുത്തിവച്ച അഴീക്കോട്- മുനമ്പം കടവിലെ ബോട്ട് സർവീസ് ഇന്നുമുതൽ പുനരാരംഭിക്കും. വലിയ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലാണ് മൂന്നുമാസത്തിന് ശേഷം താത്കാലിക ബോട്ട് ജെട്ടി നിർമ്മിച്ച് ജില്ലാ പഞ്ചായത്ത് ബോട്ട് സർവീസ് പുനരാരംഭിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പങ്കെടുത്ത ബോട്ടിന്റെ ട്രയൽ റൺ നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥലം വാടകയ്‌ക്കെടുത്താണ് താത്കാലിക ബോട്ട് ജെട്ടി സ്ഥാപിച്ചിട്ടുള്ളത്. സ്ഥലമുടമയ്ക്ക് മാസ വാടക 7000 രൂപയാണ് നൽകുന്നത്.
അഴീക്കോട്-മുനമ്പം പാലം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുനമ്പം കടവിലുണ്ടായിരുന്ന ബോട്ട് ജെട്ടി പൊളിച്ചു നീക്കിയിരുന്നു. അതുകാരണമാണ് ബോട്ട് സർവീസ് നിറുത്തിവച്ചത്. പാലം നിർമ്മാണം ഏതാണ്ട് പൂർത്തിയാകാറായ ഘട്ടത്തിൽ ബോട്ട് സർവീസ് പുനരാരംഭിക്കാൻ ജില്ലാ പഞ്ചായത്ത് താത്പര്യം കാട്ടിയിരുന്നില്ല. ഇതിനിടെ യാത്രാദുരിതം മൂലം ജനങ്ങൾ ദുരിതം പേറുന്നതിനെതിരെ ജനകീയ പ്രതിഷേധങ്ങൾ ശക്തമായി. അതോടെ പകരം ബോട്ട് ജെട്ടി സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സ്വകാര്യ വ്യക്തിയുടെ സ്ഥലം കണ്ടെത്തിയെങ്കിലും വാടകയെച്ചൊല്ലിയുള്ള തർക്കം വഴിമുട്ടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ട്രയൽ നടത്തിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, സുഗത ശശിധരൻ, കെ.എസ്. ജയ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസിം, ഉണ്ണി പിക്കാസോ തുടങ്ങിയവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.
ഇനി യാത്ര സുഖകരമാകും
ബോട്ട് സർവീസ് നിലച്ചതുമൂലം യാത്രാദുരിതം ഏറെയായിരുന്നു. കിലോമീറ്ററുകൾ താണ്ടിയാണ് ജനങ്ങൾ മറുകര എത്തിയിരുന്നത്. വിദ്യാർത്ഥികൾ, പ്രായമായവർ, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് പ്രയാസം നേരിട്ടത്. ബോട്ട് സർവീസ് പുനരാരംഭിക്കുന്നതോടെ ഈ ദുരിതത്തിന് അറുതിയാകും.