logo
1

മാള : മാള ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. ഇന്നലെ പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി, പൂവത്തുശ്ശേരി എൻ.എൽ.പി സ്‌കൂളുകളിൽ രചനാ മത്സരങ്ങളും ഗ്രൂപ്പ് സംഘഗാന മത്സരങ്ങളും നടന്നു. കലോത്സവത്തിനായി പാലിശ്ശേരി എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ 28 വേദികളും പൂവത്തുശ്ശേരി എൻ.എൽ.പി.എസിൽ ആറ് വേദികളും ഒരുക്കിയിട്ടുണ്ട്. 311 വിഭാഗങ്ങളിലായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9ന് എ.ഇ.ഒ : കെ.കെ. സുരേഷ് പതാക ഉയർത്തും. തുടർന്ന് വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനാകും. മുൻ കലാപ്രതിഭകളായ കെ.എസ്. അഷ്‌ന ഷെറിൻ, വിനായക് എസ്. കരുൺ, അമൽ ഘോഷ്, സ്വാതി സുധീർ എന്നിവർ വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
13ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനാകും.