പുതുക്കാട് : പുതുക്കാട് റെയിൽവേ മേൽപ്പാലം നിർമ്മാണം നീളുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഏറെ നേരം ഗേറ്റ് അടച്ചിടേണ്ടിവന്നാൽ നിരവധി വാഹനങ്ങളാണ് ഗേറ്റിൽ കുടുങ്ങുന്നത്. രൂപരേഖ സമർപ്പിച്ച് 60 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് വ്യവസ്ഥയിരിക്കെ, പത്ത് മാസം പിന്നിട്ടീട്ടും അംഗീകാരം നൽകാത്ത ദക്ഷിണ റെയിൽവേ പദ്ധതി വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. സ്ഥലം എം.പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് പ്രധാന ആവശ്യം.
റെയിൽവേ മേൽപ്പാലത്തിനായുള്ള പ്രവർത്തനം 2002 ൽ ആണ് ആരംഭിക്കുന്നത്. രൂപരേഖ തയ്യാറാക്കാൻ റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനെ ചുമതലപെടുത്തി. മൂന്ന് രൂപരേഖകൾ തയ്യാറാക്കി റെയിൽവേയ്ക്ക് നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പ്രൊഫ.സി.രവീന്ദ്രനാഥ് എ.എൽ.എയായതോടെ 2019-20 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 40 കോടി കിഫ്ബി ഫണ്ട് പ്രഖ്യാപിച്ചു.
എറണാകുളം- ഷൊർണൂർ മൂന്നാം റെയിൽ പാത പ്രഖ്യാപനം വന്നതോടെ രൂപരേഖയിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് അയച്ചെങ്കിലും നടപടിയായില്ല. നിർമ്മാണം തടസപ്പെട്ടപ്പോൾ കെ.കെ.രാമചന്ദ്രൻ എം.എൽ.എ യോഗം വിളിച്ചുചേർത്ത് നടപടികൾക്ക് വേഗം പകർന്നിരുന്നു.
കുടുങ്ങാൻ വാഹനങ്ങൾ നിരവധി
പാലിയേക്കര ടോൾ ഒഴിവാക്കി പോകുന്ന വാഹനങ്ങൾ, ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന ഒട്ടേറെ വാഹനങ്ങൾ എന്നിവ കുടുങ്ങും. തീരദേശത്തുള്ളവർക്ക് കൊച്ചി എയർ പോർട്ടിലെത്താനുള്ള എളുപ്പവഴിയാണിത്. രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന പുതുക്കാട് - തൃപ്രയാർ, പുതുക്കാട് - ഇരിങ്ങാലക്കുട റോഡ് ഈ റെയിൽവേ ഗേറ്റിലൂടെയാണ് കടന്നുപോകുന്നത്.
മേൽപ്പാല രൂപരേഖയിൽ വീണ്ടും മാറ്റം
എറണാകുളം-ഷെർണൂർ മൂന്നാം റെയിൽ പാത വരുന്നതോടെ സ്‌റ്റേഷന് സമീപത്തെ നിലവിലുളള അഞ്ച് ട്രാക്കുകൾക്ക് പുറമേ മറ്റൊരു ട്രാക്ക് നിലവിൽ വരും. ഇതോടെ മേൽപ്പാലത്തിന്റെ മൂന്നാം തൂൺ ട്രാക്ക് വരുന്നിടത്തായതിനാൽ രൂപരേഖയിൽ മാറ്റം അനിവാര്യമായി. റെയിൽവേ ട്രാക്കിന് ഇരുവശത്തുമുള്ള അപ്രോച്ച് റോഡ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ നിർമ്മിക്കും. ട്രാക്കിന് മുകളിലുള്ള ഭാഗം റെയിൽവേ സ്വന്തം ചെലവിലും നിർമ്മിക്കും.
റെയിൽവേ മേൽപ്പാലം നാൾവഴികൾ
പാലം നിർമ്മാണം ഇങ്ങനെ
594.15 മീറ്ററ്റർ നീളം
10.20 മീറ്റർ വീതി
എസ്റ്റിമേറ്റ്
40 കോടി
പുതുക്കിയത് പ്രകാരം 43.73 കോടി