a

നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ് ചേലക്കര. ഇന്നേവരെ കാണാത്തതെന്നു തന്നെ വിശേഷിപ്പിക്കാവുന്ന മണ്ഡലത്തിലെ അത്യാവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം ആരെ തുണയ്ക്കും? അതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന ചേലക്കരയുടെ വിധിയും കാത്തിരുന്ന് കാണേണ്ടതാണ്. രണ്ടുദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ തമ്പടിച്ച് അവസാനവട്ട പ്രചാരണത്തിന് കടിഞ്ഞാൺ പിടിച്ചതും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും നിരന്തരം ചേലക്കരയിൽ നിലകൊണ്ടതും വി. മുരളീധരനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പഞ്ച് ഡയലോഗുകൾക്കൊണ്ട് അണികളെ ആവേശം കൊളളിച്ചതുമെല്ലാം ചേലക്കര മുൻപ് കണ്ടിട്ടില്ല. എതിരാളികൾക്കെതിരെ എല്ലാ ആയുധവും പ്രയോഗിക്കാനുളള മരുന്നും മന്ത്രവും മൂന്നു മുന്നണികളുടെ പക്കലുമുണ്ടായിരുന്നു. ഒട്ടും പിന്നിലല്ലാതെ പി.വി.അൻവർ എം.എൽ.എയുടെ ഡി.എം.കെയുടെ സ്ഥാനാർത്ഥിയുമായപ്പോൾ എരിവും പുളിയും വേണ്ടുവോളമായി. പ്രചാരണം തുടങ്ങിയ നാൾ മുതൽ ചേലക്കരയുടെ മുക്കും മൂലയും ആവേശതിമിർപ്പിലായിരുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകുന്ന ചൂടുളള വിവാദങ്ങളും ഈ സമയങ്ങളിൽ ചേലക്കരയിലെ പ്രചാരണവേദികളിലും പ്രതിഫലിച്ചു. വികസനചർച്ചകൾ മറ്റൊരു വഴിയ്ക്കും പോയി.

പഞ്ച് ഡയലോഗുകളുടെ വേദികൾ

ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 12 സ്ഥലങ്ങളിൽ പ്രസംഗിക്കുമെന്നായിരുന്നു എൽ.ഡി.എഫ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് കുറക്കുകയായിരുന്നു. പക്ഷേ, പിണറായി നൽകിയ ആവേശമായിരുന്നു ഇടതുമുന്നണി പ്രവർത്തകർക്ക് ഹരം പകർന്നത്. ത്രസിപ്പിക്കുന്ന പ്രസംഗവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ യു.ഡി.എഫ് ക്യാമ്പിന് ഊർജ്ജം പകർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പത്രസമ്മേളനങ്ങളും പൊതുയോഗങ്ങളും പ്രവർത്തകർ ഏറ്റുപിടിച്ചു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ചേലക്കരയിലെ പൊതുയോഗത്തിൽ, തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സി.ബി.ഐയെ ഏൽപിക്കാൻ വെല്ലുവിളിച്ചത് അണികളെ ത്രസിപ്പിച്ചു. അതേസമയം ഇതേചൊല്ലി വിവാദങ്ങളും തലപൊക്കി.

യുവജന, വിദ്യാർത്ഥി സംഘടനകളും ചേലക്കരയിൽ ശക്തമായ പ്രവർത്തനം നടത്തി. കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കിള്ളിമംഗലത്ത് നിന്ന് ചേലക്കരയിലേക്ക് സംഘടിപ്പിച്ച് സ്റ്റുഡന്റ്‌സ് ഒഫ് ചേലക്കര വാക്ക് വിത്ത് രമ്യ പരിപാടിയിലും മുള്ളൂർക്കരയിൽ നിന്ന് ആറ്റൂർ മനപ്പടയിലേക്ക് നടത്തിയ യു.ഡി.എഫ് റാലിയിലും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പങ്കെടുത്തിരുന്നു. എസ്.എഫ്.ഐയും ഡി.വെെ.എഫ്.ഐയും യുവമോർച്ചയുമെല്ലാം മത്സരിച്ച് രംഗത്തിറങ്ങി. 'പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ, നിങ്ങളുടെ വിലയേറിയ സമ്മതിദാനവകാശം നമ്മുടെ സ്ഥാനാർത്ഥിക്ക് രേഖപ്പെടുത്തണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു...'' എന്ന് ചേലക്കരയുടെ മുക്കിലും മൂലയിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുൻതിരഞ്ഞെടുപ്പ് കാലങ്ങളേക്കാൾ മുഴങ്ങുകയായിരുന്നു. അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ വാഹനങ്ങളുടെ എണ്ണം കൂടി. ഇതിനിടെ കിടിലൻ പാരഡി ഗാനങ്ങളും പ്രചാരണം കൊഴുപ്പിച്ചു. കവലകൾ തോറും പ്രകടനങ്ങളും പൊതുയോഗങ്ങളിലും സംസ്ഥാനത്തെ മുൻനിര നേതാക്കൾ തന്നെയായിരുന്നു പ്രാസംഗികർ.

അവസാനവട്ടവും നേതാക്കൾ

തുടക്കം മുതൽ മുതിർന്ന നേതാക്കൾ തമ്പടിച്ച ചേലക്കരയിൽ അവസാനവട്ടവും സജീവമായിരുന്നുവെന്നതാണ് മറ്റൊരു സവിശേഷത. മുഖ്യമന്ത്രിയ്ക്കൊപ്പം തന്നെ, കെ.സുധാകരൻ, വി.ഡി.സതീശൻ, തുഷാർ വെള്ളാപ്പള്ളി, എ.പി അബ്ദുള്ളക്കുട്ടി തുടങ്ങി മുതിർന്ന നേതാക്കൾ അവസാനവട്ടത്തിയതോടെ മുന്നണികളുടെ തിരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിയിലെത്തുകയായിരുന്നു. അതോടെ മൂന്ന് മുന്നണികളുടെയും പൊതുയോഗങ്ങളിൽ ജനപങ്കാളിത്തമേറി. ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ഇതുവരെയും കാണാത്ത വിധത്തിൽ ആവേശത്തോടെ, കലാശക്കൊട്ടിലേക്ക് നീങ്ങുകയായിരുന്നു.

കെ.രാജൻ, ഡോ.ആർ.ബിന്ദു, രാമചന്ദ്രൻ കടന്നപ്പിള്ളി, പി.എ. മുഹമ്മദ് റിയാസ് തുടങ്ങി എല്ലാ മന്ത്രിമാരും ചേലക്കരയിലെത്തി. കെ.രാധാകൃഷ്ണൻ എം.പി, പി.കെ.ബിജു തുടങ്ങിയ നേതാക്കളും സജീവമായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ചേലക്കരയിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടിയും പൊതുയോഗങ്ങളിൽ പങ്കെടുത്തിരുന്നു. സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികൾ പൂർത്തിയാക്കിയ എൻ.ഡി.എ സമ്പൂർണ ഗൃഹസമ്പർക്കമാണ് അവസാനവട്ടവും ലക്ഷ്യമിട്ടത്. മണ്ഡലത്തിലെ എല്ലാ വീട്ടിലും പ്രവർത്തകരെത്താനായിരുന്നു അവരുടെ ശ്രമം. സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് യു.ഡി.എഫ് നടത്തിയ വ്യാപക പ്രചാരണങ്ങളും ചേലക്കരയിൽ ദൃശ്യമായി.


കരുതലോടെ ഉദ്യോഗസ്ഥർ

ചട്ടലംഘനക്കാരെ പിടികൂടാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേലക്കരയിൽ സജീവമായിരുന്നു. കള്ളപ്പണം തടയുന്നത് ഉൾപ്പെടെയുള്ള സ്‌ക്വാഡുകൾ ഇവിടെ ക്യാമ്പ് ചെയ്തു. മൂന്നു മുന്നണികളുടെയും കൊടി തോരണങ്ങളും പ്രചാരണ ബോർഡുകളും കൊണ്ട് വഴിയോരങ്ങൾ വർണാഭമാക്കി. പൊതുസ്ഥലങ്ങളിൽ ബോർഡുകൾ വയ്ക്കാൻ അനുവാദമില്ലാത്തതിനാൽ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലായിരുന്നു മിക്കവയും. ചട്ടം ലംഘിച്ച് പൊതുഇടത്ത് ഒട്ടിച്ച നൂറുക്കണക്കിന് പോസ്റ്ററുകൾ നശിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ പോസ്റ്ററുകൾ നീക്കിയാലും പിന്നാലെ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ടെന്നതും ചേലക്കരയിലെ കാഴ്ചയായി മാറി.

അവസാന നിമിഷങ്ങളിൽ വോട്ടുചെയ്യാൻ എല്ലാവരും എത്തുമെന്ന് ഉറപ്പാക്കാനുളള ഓട്ടത്തിലായിരുന്നു നേതാക്കൾ. മണ്ഡലത്തിനു പുറത്തും വിദേശത്തും ജോലിചെയ്യുന്ന നിരവധി പേരുണ്ട്. അവർ എത്തുമെന്നും തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുമെന്നും ഉറപ്പാക്കാനുളള ഫോൺവിളികളും തകൃതിയായിരുന്നു. ഇന്നേവരെ കാണാത്ത തരത്തിൽ ചുവരെഴുത്തും ബോർഡുകളും മണ്ഡലത്തിലുണ്ട്. ചുരുക്കത്തിൽ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലമാകെ ഉത്സവാന്തരീക്ഷമാണ്. വലിയ നഗരങ്ങളില്ലാത്ത മണ്ഡലത്തിൽ വൻ നഗരങ്ങളിലേതുപോലെ രാപകൽ ഉണർന്നിരുന്നുള്ള പ്രവർത്തനവും ആദ്യമാണ്. രാഷ്ട്രീയകേരളം ഒരു മാസമായി തമ്പടിച്ചതോടെ ചേലക്കര മണ്ഡലത്തിന്റെ മട്ടും ഭാവവും തന്നെ മാറി. തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ ചേലക്കരയുടെ ഗ്രാമീണസൗന്ദര്യവും സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളും സുന്ദരകാഴ്ചകളും ഭക്ഷണവിഭവങ്ങളും സാമൂഹ്യമാദ്ധ്യമങ്ങൾ അടക്കം എത്തിച്ചതോടെ വിനോദസഞ്ചാരികളുടെ എണ്ണവും കൂടിയെന്ന് പറയുന്നു.