udf

ചേലക്കര: ഓരോ വീടുകളിലും പ്രവർത്തകരും നേതാക്കളുമുണ്ട്. മൂന്ന് മുന്നണികളുടെയും മൂന്നും നാലും സ്‌ക്വാഡുകൾ ഇതിനകം വീടുകളിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരണ പരിപാടികൾ പൂർത്തിയാക്കിയിരുന്നു. പുറമെ നിന്നുള്ള നേതാക്കളും പ്രവർത്തകരുമായിരുന്നു കൂടുതൽ.

വനിതാ സ്‌ക്വാഡ്, യൂത്ത്, വിദ്യാർത്ഥികൾ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളാണ് ഇന്നലെ പ്രചാരണത്തിന് ഇറങ്ങിയത്. സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും വോട്ടിംഗ് യന്ത്രങ്ങൾ പരിചയപ്പെടുത്തലും നടന്നു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടികയുമായി വീടുകളിലെത്തി സ്ലിപ്പ് നൽകുന്നത്.

യു.ഡി.എഫിന്റെ വനിതാ സ്‌ക്വാഡ് മണ്ഡലത്തിലെ എല്ലാ ഉന്നതികളിലുമെത്തി വോട്ടർമാരെ കണ്ട് ലഘുലേഖകൾ കൈമാറി. 460 ലേറെ പട്ടികജാതിപട്ടിക വർഗ സങ്കേതങ്ങളാണ് ചേലക്കരയിലുള്ളത്. ഇന്ന് വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞാൽ പുറമെ നിന്നുള്ള നേതാക്കളെല്ലാം വിട്ടുപോകേണ്ടി വരും. നാളെ മുതൽ നിശബ്ദ പ്രചാരണം.