1

തൃശൂർ: നാളിതുവരെ കാണാത്ത വീറും വാശിയോടെയുള്ള പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നതിന് മുൻപേ തങ്ങളുടെ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും മനസിലുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മൂന്നു മുന്നണികളും. സ്ഥാനാർത്ഥികളും ഓട്ടപ്രദക്ഷിണത്തിലാകും ഇന്ന്. രാവിലെ മുതൽക്കേ ഭൂരിഭാഗം പഞ്ചായത്തുകളിലുമെത്തി വൈകിട്ട് ചേലക്കരയിൽ കലാശക്കൊട്ട്. വാദ്യമേളകളും കാവടികളും നാസിക് ഡോളും ഉൾപ്പെടെ അകമ്പടിയാകും.

പ്രാദേശിക കൂട്ടപ്പൊരിച്ചിലും നിശ്ചയിച്ചിട്ടുണ്ട്. ചേലക്കരയുടെ ചരിത്രത്തിൽ ഇത്രയേറെ നേതാക്കൾ പ്രചാരണത്തിനെത്തിയ മറ്റൊരു തിരഞ്ഞെടുപ്പില്ല. കഴിഞ്ഞ രണ്ട് ദിവസവും മുഖ്യമന്ത്രി തന്നെയായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി പറയുന്നതിന് യു.ഡി.എഫും എൻ.ഡി.എയും രംഗത്തുണ്ടായിരുന്നു. മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും, തിരിച്ചുപിടിക്കാൻ യു.ഡി.എഫും താമര വിരിയിക്കാൻ എൻ.ഡി.എയും ശക്തമായ അടവുനയങ്ങളുമായി ചേലക്കരയിലുണ്ട്. മൂന്ന് മുന്നണികൾക്കും ശക്തമായ വെല്ലുവിളിയുമായി പി.വി. അൻവറിന്റെ ഡി.എം.കെയുടെ എൻ.കെ. സുധീറും മത്സരരംഗത്തുണ്ട്.

അവസാന വോട്ടും അനുകൂലമാക്കാനുള്ള നിശബ്ദ പ്രചാരണദിനം നാളെയാണ്. മറ്റന്നാൾ രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് തുടങ്ങും. വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടോടെ ആരംഭിക്കും. ഉച്ച മുതൽ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്തി സജ്ജീകരണം പൂർത്തിയാക്കും.

എൽ.ഡി.എഫ്

എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപ് ഇന്ന് രാവിലെ ചേലക്കരയിൽ നിന്ന് പര്യടനം ആരംഭിക്കും. തുടർന്ന് ഉദുവടി, ആറ്റൂർ, മുള്ളൂർക്കര, വാഴക്കോട്, ഇരുനിലംകോട്, കാഞ്ഞിരശേരി, കുമരപ്പനാൽ, വരവൂർ, പാലയ്ക്കൽ, വരവൂർ സ്‌കൂൾ, തലശ്ശേരി, കൂട്ടുപാത, പുതുശേരി, ചെറുതുരുത്തി, വെട്ടിക്കാട്ടിരി, പാഞ്ഞാൾ, കിള്ളിമംഗലം എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം വൈകിട്ട് നാലിന് ചേലക്കരയിലെത്തും. മേപ്പാടത്ത് നിന്ന് തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചേലക്കര ബസ് സ്റ്റാൻഡിൽ സമാപിക്കും. കൊട്ടിക്കലാശത്തിന് ആവേശം പകരാൻ മുതിർന്ന നേതാക്കളും ഉണ്ടാകും.

യു.ഡി.എഫ്

യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഇന്ന് രാവിലെ തിരുവില്വാമല പഞ്ചായത്തിൽ നിന്നാണ് പ്രചാരണം തുടങ്ങുക. തുടർന്ന് മുള്ളൂർക്കര, വരവൂർ , ദേശമംഗംല, പാഞ്ഞാൾ, കിള്ളി മംഗലം എന്നിവിടങ്ങളിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് വൈകിട്ട് ചേലക്കരയിൽ എത്തും. വൈകിട്ട് ചേലക്കര ബസ് സ്റ്റാൻഡിലെ പടിഞ്ഞാറു ഭാഗത്താണ് പ്രചാരണ സമാപനം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തിരുവഞ്ചൂർ രാധകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവരുണ്ടാകും. ഇന്നലെ എം.എം. ഹസൻ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെത്തി രമ്യക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചു.


എൻ.ഡി.എ

എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ ഇന്ന് രാവിലെ ഏഴോടെ ചേലക്കരയിൽ നിന്ന് പ്രചാരണം ആരംഭിക്കും. വൈകിട്ട് നാല് മുതൽ ചേലക്കരയിൽ നടക്കുന്ന കലാശക്കൊട്ടിന് മുമ്പായി എല്ലാ പഞ്ചായത്തുകളിലുമെത്തി പ്രവർത്തകരെ കാണും. പ്രദേശികമായി നടക്കുന്ന റാലികളിലും സ്ഥാനാർത്ഥി പങ്കെടുക്കും. തുടർന്ന് ചേലക്കര ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറ് ഭാഗത്താണ് കൊട്ടിക്കലാശത്തിന് അനുമതി നൽകിയിരിക്കുന്നത്.