അന്തിക്കാട്: കാഞ്ഞാണി പോസ്റ്റ് ഓഫീസിന് സമീപത്തെ ഭീമൻ കടന്നൽക്കൂട് യാത്രക്കാർക്ക് ഭീഷണിയാകുന്നു. നിരവധി സ്ഥാപനങ്ങൾ നിൽക്കുന്നതിന് ഇടയിലുള്ള ഈ കടന്നൽക്കൂട് വലിയ ഭീഷണിയാണുണ്ടാക്കുന്നത്. കടന്നൽക്കൂട് ഇടയ്ക്കിടെ ഇളകുമ്പോൾ കടന്നലുകൾ ആളുകളെ കൂട്ടമായി ആക്രമിക്കുന്നത് പതിവായിരിക്കയാണ്. ഇത്തരത്തിൽ പോസ്റ്റ് ഓഫീസിലേക്കും സമീപത്തുള്ള സിംല ഹാളിലേക്കും വന്ന ആളുകൾക്ക് ഇതിനിടെ കടന്നലിന്റെ കുത്തേറ്റിരുന്നു. കടന്നൽക്കൂടിനാൽ ഹാളിന് സമീപം വാഹനപാർക്കിംഗിന് എത്തുന്നവരും ഭീതിയിലാണ്. മാസങ്ങൾക്ക് മുൻപ് പടിയത്ത് വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ടറസിന് മുകളിൽ കയറിയ വിദ്യാർത്ഥി കടന്നലിന്റെ ആക്രമണത്തിൽ മരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും കടന്നൽക്കൂട് നശിപ്പിക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് വഴിവയ്ക്കുന്നുണ്ട്. കടന്നൽക്കൂട് നീക്കം ചെയ്യാൻ അധികൃതർ തയ്യാറകണമെന്നാണ് ഉയരുന്ന ആവശ്യം.
അപകടകരമായ രീതിയിൽ നിൽക്കുന്ന കടന്നൽക്കൂട് നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് സത്വര നടപടി ഉണ്ടാകണം. അല്ലെങ്കിൽ ദുരന്തങ്ങൾക്ക് വഴിവയ്ക്കും.
-എം.വി. അരുൺ
(കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡന്റ്)