പാവറട്ടി: മുല്ലശ്ശേരി, വെങ്കിടങ്ങ് മേഖലയിൽ ഉപ്പുവെള്ള ഭീഷണിയിൽ തരിശായി കിടക്കുന്നത് 258 ഏക്കർ കൃഷിയിടം. ഏനാമാക്കൽ റഗുലേറ്ററിലെ ചോർച്ചയും ഇടിയഞ്ചിറയിൽ ഷട്ടർ ഇല്ലാത്തതുമാണ് പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത്. 170 ഏക്കർ വരുന്ന തണ്ണീർക്കായൽ പാടശേഖരം, 70 ഏക്കർ തിരുനെല്ലൂർ പാടം, 18 ഏക്കർ പാടൂർ പുളിപ്പാണ്ടി എന്നിവിടങ്ങളിലാണ് കൃഷിയിറക്കാനാകാത്തത്. നിലവിൽ ഇടിയഞ്ചിറ റെഗുലേറ്റർ നവീകരണത്തിന്റെ ഭാഗമായി ഷട്ടറുകളെ എല്ലാം ഊരിമാറ്റിയ നിലയിലാണ്. എന്നാൽ പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ഒക്ടോബർ മാസത്തിൽ നിർമ്മിക്കേണ്ട താത്കാലിക വളയം കെട്ട് നിർമാണം ഇതുവരെയും പൂർത്തിയായിട്ടില്ല. ഇടിയഞ്ചിറയിൽ പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റിംഗ് കഴിഞ്ഞെങ്കിലും പുനർനിർമാണം വൈകുകയാണ്.
റെഗുലേറ്ററിന്റെ മുൻഭാഗത്തും പിൻഭാഗത്തും വളയം കെട്ടി പൂർണമായും വെള്ളം വറ്റിച്ചതിനു ശേഷമാണ് പുതിയ ഷട്ടർ നിർമ്മാണം. എന്നാൽ രണ്ടാമത്തെ വളയം കെട്ടിനുള്ള പ്രാരംഭ നടപടികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. കനാലിലെ ഒഴുക്ക് കുറഞ്ഞ് നിർമ്മാണത്തിന് അനുകൂല സാഹചര്യമായിട്ടും നിർമ്മാണം വൈകിപ്പിക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

ഇടിയഞ്ചിറ ഷട്ടർ

ഇടിയഞ്ചിറയിൽ പൂർണമായും മോട്ടോ റൈസിഡ് മെക്കാനിസമാക്കി മാറ്റിയാണ് ഷട്ടർ നവീകരണം. 2.67 കോടിയുടെ സിവിലും 2.50 കോടിയുടെ മെക്കാനിലും ഉൾപ്പെടെയാണ് പദ്ധതി നടപ്പാക്കുന്നത്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ പദ്ധതി. തുരുമ്പിനെ പ്രതിരോധിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചാണ് ഷട്ടറുകൾ നിർമിക്കുന്നത്. റബർ ബുഷുകൾ സ്ഥാപിച്ച് ലീക്ക് പ്രൂഫാക്കും. ജനറേറ്റർ ഉപയോഗിച്ചാണ് പ്രവർത്തനം. പാലക്കാട് മൈനാ എൻജിനീയറിഗാണ് ഷട്ടർ നവീകരണം ഏറ്റെടുത്തിട്ടുള്ളത്.

.....

വളയം കെട്ടൽ, മണ്ണിട്ട് നികത്തൽ എന്നിവ അടുത്ത ദിവസം നടക്കും. ഒരാഴ്ച കൊണ്ട് ഇവ പൂർത്തിയാകും. റെഗുലേറ്ററിന് പടിഞ്ഞാറു വശത്ത് ബണ്ട് കെട്ടിയതിന് ശേഷം വെള്ളം വറ്റിച്ച് ഷട്ടർ മാറ്റിവയ്ക്കാനുള്ള പ്രവൃത്തികൾ ആരംഭിക്കാൻ കഴിയൂ. കാലവർഷത്തിന് മുമ്പ് ഷട്ടർ മാറ്റിവയ്ക്കൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.
ഷിബു
അസി. എൻജിനിയർ
..