കൊടുങ്ങല്ലൂർ : കനോലിക്കനാലിൽ കുളവാഴക്കൂട്ടങ്ങൾ വ്യാപകമായതോടെ ഉൾനാടൻ മത്സ്യബന്ധനം താറുമാറാകുന്നു. കനാലിന് പുറമെ പ്രദേശത്തെ പുഴകളിലും തോടുകളിലും കുളവാഴകൾ വ്യാപകമാണ്. പുല്ലൂറ്റ് മുതൽ കനോലിക്കനാൽ അവസാനിക്കുന്ന ചേറ്റുവ വരെ എങ്ങും കുളവാഴക്കൂട്ടങ്ങളാണ്. വേലിയേറ്റ ഇറക്കം സമയങ്ങളിലാണ് കുളവാഴകളുടെ ഒഴുക്ക് കൂടുതൽ ഉണ്ടാകുന്നത്. സാധാരണ ഈ സീസണിൽ കുളവാഴകൾ ഒഴുകിയെത്താറുണ്ടെങ്കിലും ഇത്തരം കുളവാഴക്കൂട്ടങ്ങൾ എത്തുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ വലിയ മീൻകെട്ടുകളിൽ നിന്നും കനോലിക്കനാലിലേക്ക് കുളവാഴ കയറ്റിവിടുന്നതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതെന്ന പരാതിയും നിലവിലുണ്ട്.
തൊഴിൽ ചെയ്യാനാകാത്ത സാഹചര്യം
കനോലിക്കനാലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് കുളവാഴക്കൂട്ടങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ധാരാളമാണ്. പ്രത്യേകിച്ചും രാത്രികാലത്തെ മത്സ്യബന്ധനത്തിന് കുളവാഴക്കൂട്ടങ്ങൾ വലിയ വെല്ലുവിളിയാണുണ്ടാക്കുന്നത്. മത്സ്യബന്ധനത്തിനിടയിൽ രാത്രിയിൽ വലയിൽ കുളവാഴകൾ കുടുങ്ങി വല നശിക്കുന്നത് പതിവാണ്. ഇതുമൂലം മത്സ്യബന്ധനം ഉപജീവനമാക്കിയവർ തൊഴിൽ ചെയ്യാനാകാതെ ദുരിതത്തിലാണ്. പുഴയിലെ കക്ക വാരിക്കൂട്ടുന്നവർക്കും കുളവാഴക്കൂട്ടങ്ങൾ മൂലം തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയാണ്. വലകൾ മുറിയുന്നത് മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത് മത്സ്യത്തൊഴിലാളികളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. അതുകൊണ്ട് തന്നെ കുളവാഴകൾ അധികരിച്ചതിനാൽ മീൻപിടുത്തത്തിൽ നിന്നും പിന്തിരിയുകയാണ് മത്സ്യത്തൊഴിലാളികൾ.
മത്സ്യബന്ധനത്തിന് തടസമാകുന്ന കുളവാഴകൾ നീക്കം ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.
- പി.എൻ. രവി, പി.കെ. ഗോപി
(കയ്പമംഗലം മണ്ഡലം മത്സ്യത്തൊഴിലാളി യൂണിയൻ)