ud
.

ചേലക്കര: കേരളം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാരാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി ജനക്ഷേമ പ്രവർത്തനങ്ങളാണ് റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം, ഭവന പദ്ധതി, കൃഷി തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കിയിട്ടുള്ളത്. കൊണ്ടാഴി പാറമേൽപ്പടിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വർഗീയ സംഘർഷം ഇല്ലാത്ത നാടായി കേരളം മാറി. ഭവന പദ്ധതിയിൽ നാലു ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു നൽകി. പൊതുവിദ്യാഭ്യാസ മേഖല ലോകത്തിനു തന്നെ മാതൃകയാണ്. അക്കാഡമിക് നിലവാരം ഉയർന്നു. നിരവധി ഭൂഉടമകൾക്ക് പട്ടയം നൽകി. ഓൺലൈൻ സേവനങ്ങൾ പല ഓഫീസുകളിലും ആരംഭിച്ചു. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി മാത്രം പ്രവർത്തിച്ചു വരുന്ന സർക്കാരിന്റെ തുടർഭരണം തന്നെയാണ് സംഭവിക്കുകയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. രവീന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കെ.പി. രാജേന്ദ്രൻ, കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, യു.ആർ. പ്രദീപ്, അഡ്വ. ജോഫി, സി.ആർ. വത്സൻ, മന്ത്രി കെ. രാജൻ, കെ. രാധാകൃഷ്ണൻ എം.പി, എ.സി. മൊയ്തീൻ എം.എൽ.എ, ഡോ. പി.കെ. ബിജു, കെ.കെ. ജയചന്ദ്രൻ, ടി. ഗോകുലൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.