photo-

ചെറുതുരുത്തി: വോട്ടിന് ക്ഷാമം വന്നാലും ഭക്ഷണത്തിന് ചെറുതുരുത്തിയിൽ ക്ഷാമമില്ല. 24 മണിക്കൂറും ഹോട്ടലുകൾ തുറന്നിരിക്കുന്നു. ഉപതിരഞ്ഞെടുപ്പ് ആഘോഷമാണിവിടെ. ആദ്യം മുതലേ ഭക്ഷണശാലകളുടെ ഹബ്ബാണിവിടം. ജില്ലാ അതിർത്തിയായ കൊച്ചിൻ പാലം മുതൽ കലാമണ്ഡലം വരെ ഡസൺ കണക്കിന് ചെറുതും വലുതുമായ ഭക്ഷണശാലകളുണ്ട്. ഏതുതരം വിഭവവും ലഭ്യമാകുന്ന രാപകൽ തുറക്കുന്ന ഭക്ഷണശാലകൾ.

ഉപതിരഞ്ഞെടുപ്പും പ്രചാരണവുമായതോടെ രാത്രികാലങ്ങളിൽ പ്രത്യേക സംവിധാനം തന്നെ തയ്യാർ. ഭക്ഷണത്തോടൊപ്പം അന്നന്നത്തെ രാഷ്ട്രീയ വർത്തമാനവും വിശകലനവും. ഇതിൽ മന്ത്രിമാർ മുതൽ സാധാരണ പ്രവർത്തകർ വരെയുണ്ട്. ഗൃഹസന്ദർശനവും പ്രചാരണവും അവലോകന ചർച്ചകളും കഴിഞ്ഞശേഷം ഭക്ഷണശാലകളിലേക്കാണ് എത്തുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നതും പതിവ്.