mohan-raghavan

അന്നമനട : യുവ ചലച്ചിത്ര സംവിധായകൻ മോഹൻ രാഘവന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് ജന്മനാടായ അന്നമനടയിൽ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും കവി റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. മികച്ച നവാഗത സംവിധായകനുള്ള ഓഫ് സ്റ്റേജ് മോഹൻ രാഘവൻ ചലച്ചിത്രപുരസ്‌കാരം സംവിധായകൻ ടി.വി.ചന്ദ്രൻ സമ്മാനിച്ചു. തടവ് സിനിമയുടെ സംവിധായകൻ ഫാസിൽ റസാക്കിന്റെ അഭാവത്തിൽ ഈ വർഷം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബീന ആർ.ചന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അദ്ധ്യക്ഷനായി. ജൂറി അംഗങ്ങളായ ചലച്ചിത്ര നിരൂപകൻ ഡോ.സി.എസ്.വെങ്കിടേശ്വരൻ, ഛായാഗ്രാഹകൻ കെ.ജി.ജയൻ എന്നിവർ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടൻ അനുസ്മരണം നടത്തി. ബീന ആർ.ചന്ദ്രനെയും വിവിധ മേഖലകളിൽ പ്രതിഭകളായ നടി അഞ്ജലി സത്യനാഥ്, ഗാനരചയിതാവ് ജ്യോതിഷ് കാശി, കലാഭവൻ സിദ്ദിഖ് എന്നിവരെയും ആദരിച്ചു. പി.കെ.ശിവദാസ് സ്മാരക പ്രബന്ധരചനാ മത്സര വിജയികളായ ടി.എം.അവനിജ, എസ്.ആരഭി എന്നിവർക്ക് സമ്മാനം നൽകി. തുടർന്ന് ഗ്യാംഗ് റെഡ്സ്റ്റാർ വെസ്റ്റ് കൊരട്ടി 'പേക്കൂത്ത്' എന്ന നാടകം അവതരിപ്പിച്ചു.