pwd-wadakanchery-earthern
ഞ്ചേരിയിൽ വയോധികൻ ബസ്സ് കയറി മരിച്ച വീതിയിലാത്ത റോഡും ബസ്സും

എരുമപ്പെട്ടി : കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടാത്തതും അരികിൽ മണ്ണുൾപ്പെടെയുള്ളവ കൂട്ടിയിടുന്നതും മൂലം പി.ഡബ്യു.ഡി റോഡുകൾ മരണക്കെണിയൊരുക്കുന്നു. അരികിലെ പൊന്തക്കാടുകൾ പോലും വെട്ടിമാറ്റാതെയാണ് പലപ്പോഴും റോഡ് നിർമ്മിക്കുന്നത്. അരികിൽ വീതിക്കുറവും കടന്നുപോകാൻ കഴിയാത്ത സാഹചര്യവും ഉള്ളതിനാൽ കാൽനടയാത്രക്കാരും സൈക്കിൾ, ബൈക്ക് യാത്രികരും അപകടപ്പെടുന്നത് പതിവാണ്. ഇത്തരത്തിൽ ഇന്നലെ ദേഹത്ത്കൂടെ ബസ് കയറിയിറങ്ങി മരിച്ചത് വർഷങ്ങളായി തിച്ചൂർ മിൽമയിലേക്ക് പാലളക്കാൻ പോകുന്ന ക്ഷീര കർഷകനാണ്. പി.ഡബ്ല്യു.ഡി തന്നെ കൂട്ടിയിട്ട റോഡരികിലെ മൺതിട്ടയുള്ള ഭാഗത്തായിരുന്നു അപകടം. തിച്ചൂർ കുന്നത്ത് നാരായണൻകുട്ടി (78) യാണ് ഇന്നലെ രാവിലെ കുട്ടഞ്ചേരിയിൽ ബസ് കയറി മരിച്ചത്. നെല്ലുവായ്- തിച്ചൂർ- ഇട്ടോണം റൂട്ടിൽ കൈയേറ്റങ്ങൾ അളന്നെടുക്കാതെയാണ് നിലവിൽ റോഡ് നിർമ്മാണം നടക്കുന്നത്. വടക്കാഞ്ചേരി സെക്്ഷന്റെ കീഴിലുള്ള ചിറ്റണ്ട-തലശ്ശേരി, വടക്കാഞ്ചേരി-കുന്നംകുളം, മങ്ങാട്-പുതുരുത്തി എന്നീ റോഡുകളിലും മണ്ണ്കൂനകളും പൊന്തക്കാടുകളും റോഡിലേക്ക് കയറിക്കിടക്കുകയാണ്. റോഡും കാനയും പാർശ്വഭിത്തിയും തമ്മിൽ പല റോഡുകളിലും രണ്ടടിയോളം മാത്രമാണ് ദൂരമുള്ളത്. മിക്ക റോഡുകളിലും കലുങ്കുകൾ വീതി കൂട്ടിയിട്ട് വർഷങ്ങളായെങ്കിലും റോഡിന് നടുവിൽ തന്നെയാണ് ഇപ്പോഴും കൈവരി നിൽക്കുന്നത്. അവ പൊളിച്ച് നീക്കാനോ റോഡ് വീതിയാക്കാനോ പി.ഡബ്യു.ഡി അധികൃതർ തയ്യാറാകുന്നുമില്ല. ഇരുവശത്ത് നിന്നും ഒരേ സമയം നാലുചക്ര വാഹനം വന്നാൽ കാൽനടയാത്രക്കാരും സൈക്കിൾ, ബൈക്ക് യാത്രികരും പൊന്തക്കാടുകൾക്കിടയിലൂടെയോ മൺകൂനകൾക്ക് മുകളിലൂടെയോ കടന്നുപോകണമെന്ന സ്ഥിതിയാണ് മിക്ക റോഡുകളിലും. വീതി വർദ്ധിപ്പിക്കാനും റോഡ് നിർമ്മിക്കുമ്പോൾ തന്നെ കാനയും നടപ്പാതയും നിർമ്മിക്കാനും റോഡരികിലെ പൊന്തക്കാടുകൾ വെട്ടിനീക്കാനും പി.ഡബ്ല്യു.ഡി തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.


വീതിയും നടപ്പാതയും അനിവാര്യം
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡുകൾ നിർമ്മിക്കുന്ന സമയത്ത് തന്നെ അഴുക്ക്ചാലുകളോ നടപ്പാതയോ ഉണ്ടാകാത്തതും പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുകയാണ്. കൈയേറ്റങ്ങൾ ഒഴിപ്പാക്കാതെ ഉള്ള സ്ഥലത്ത് റോഡ് നിർമ്മിക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. ഇതുമൂലം കാൽനടയാത്രക്കാർക്കോ സൈക്കിൾ, ബൈക്ക് യാത്രികർക്കോ അരികിലൂടെ കടന്നുപോകാനുള്ള വീതി മൂലം മിക്കപ്പോഴും ഉണ്ടാകാറില്ല. ഇതിനിടെ അരികിൽ വലിയ തോതിൽ മണ്ണ് കൂട്ടിയിടുന്നതും പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുന്നു.