തൃശൂർ: ദിവസങ്ങൾ നീണ്ട പ്രചാരണമാമാങ്കത്തിന് കൊടിയിറക്കം, വിജയ പ്രതീക്ഷകൾ പങ്കുവച്ച് മുന്നണികൾ. അവസാന അടിയൊഴുക്ക് തങ്ങൾക്ക് അനുകൂലമാണെന്ന അവകാശവാദത്തിലാണ് മൂന്ന് മുന്നണികളുടെയും നേതാക്കളും അണികളും. മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമേ പി.വി. അൻവറിന്റെ ഡി.എം.കെയും മറ്റ് രണ്ട് സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിലെ ചൂടേറിയ വിഷയങ്ങൾ ചർച്ചയായ ചേലക്കരയിൽ വോട്ടർമാർ ഏതെല്ലാം സ്വീകരിച്ചുവെന്നതിന് ഉത്തരം കിട്ടാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.
ചേലക്കരയിൽ വികസനത്തേക്കാൾ ചർച്ചയായത് സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്ന വിവാദങ്ങൾ തന്നെ. പ്രചാരണ രംഗത്ത് ആരും പിറകിലായിരുന്നില്ല. പി.വി. അൻവറിന്റെ ഡി.എം.കെ വരെ മുന്നണികളോട് കിടപിടിക്കുന്നവിധം സജീവമായിരുന്നു. ഇന്നത്തെ നിശബ്ദ പ്രചാരണത്തിൽ കൂടുതൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും നേതാക്കളും. മൂന്നു പതിറ്റാണ്ടുകാലം മേധാവിത്വം പുലർത്തുന്ന എൽ.ഡി.എഫിന് ഇക്കുറി ജീവൻമരണ പോരാട്ടമാണ്.
അതിനാൽ എൽ.ഡി.എഫിന്റെ സംഘടനാ സംവിധാനം പൂർണമായും ഉപയോഗിച്ചായിരുന്നു പ്രചാരണം. ഒരു നിയോജക മണ്ഡലത്തിൽ ആറു കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രചാരണത്തിന് എത്തിയെന്നതിൽ നിന്നും വിജയം മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തം. അതേസമയം, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതീക്ഷയിലാണ് യു.ഡി.എഫ്. സംസ്ഥാന സർക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരം യു.ഡി.എഫിന് അനുകൂലമാകുമെന്ന് വിലയിരുത്തൽ.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പലതവണ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മിക്കപ്പോഴും ക്യാമ്പ് ചെയ്താണ് പ്രചാരണത്തിനിറങ്ങിയത്. എൻ.ഡി.എ ക്യാമ്പും ആത്മവിശ്വാസത്തിലാണ്. ഇരുമുന്നണികളും ചേലക്കരയെ അവഗണിച്ചെന്ന് ആരോപിച്ചും മോദി സർക്കാരിന്റെ നേട്ടവും തൃശൂരിലെ അട്ടിമറി വിജയവുമെല്ലാം ഉയർത്തിയായിരുന്നു പ്രചാരണം. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർക്ക് പുറമേ ആർ.എസ്.എസ് നേതാക്കളുടെ മേൽനോട്ടവുമുണ്ടായിരുന്നു.
സ്ത്രീ വോട്ടർമാരുടെ മനസ് എവിടേക്ക്
നിർണായക സ്വാധീനം ചെലുത്താൻ കഴിവുള്ള സ്ത്രീ വോട്ടർമാർ ആർക്കൊപ്പമെന്നത് ചേലക്കരയിൽ നിർണായകം. സ്ത്രീമനസ് കീഴടക്കാൻ ആർക്ക് കഴിഞ്ഞുവെന്നത് വിധിയിൽ പ്രതിഫലിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 10,830 വോട്ടാണ് കൂടിയത്.
മത്സര രംഗത്തുളളവരും ചിഹ്നങ്ങളും
യു.ആർ. പ്രദീപ് (എൽ.ഡി.എഫ്)- ചുറ്റിക അരിവാൾ നക്ഷത്രം
കെ. ബാലകൃഷ്ണൻ ( എൻ.ഡി.എ)- താമര
രമ്യ ഹരിദാസ് (യു.ഡി.എഫ് )- കൈ
കെ.ബി. ലിൻഡേഷ് (സ്വതന്ത്രൻ)- മോതിരം
എൻ.കെ. സുധീർ (സ്വതന്ത്രൻ)- ഓട്ടോറിക്ഷ
ഹരിദാസൻ (സ്വതന്ത്രൻ)- കുടം
2021ലെ വോട്ടുനില
കെ. രാധാകൃഷ്ണൻ (എൽ.ഡി.എഫ്): 83,415
സി.സി. ശ്രീകുമാർ (യു.ഡി.എഫ്): 44,015
ഷാജുമോൻ വട്ടേക്കാട് (എൻ.ഡി.എ): 24,045
ഭൂരിപക്ഷം: 39,400