p

തൃശൂർ: സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകൾ പല സ്ഥലങ്ങളിലും അടച്ചുപൂട്ടലിലേക്ക്. സർക്കാർ നൽകുന്ന കമ്മിഷൻ കൊണ്ട് നടത്തിക്കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് വ്യാപാരികൾ. നിരവധി വ്യാപാരികൾ കടകൾ അടച്ചുപൂട്ടാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

കമ്മിഷൻ തുക കൂട്ടിയിട്ട് ആറു വർഷം കഴിഞ്ഞു. 45 ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്താൽ 18,400 രൂപയാണ് ലഭിക്കുക. ക്വിന്റലിന് 220 രൂപ എന്ന നിരക്കും സർക്കാർ നൽകുന്ന 8500 രൂപയും കൂട്ടിയാണിത്. ഇപോസ് സംവിധാനം വന്നതോടെ കടകളുടെ പ്രവർത്തനം തകിടം മറിയുന്ന നിലയിലായി. ഇപോസ് പലപ്പോഴും പ്രവർത്തിക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് മടങ്ങിപ്പോകേണ്ടിവരും. ഒന്നും രണ്ടും തവണ വന്നുമടങ്ങുന്നവർ പിന്നീട് വാങ്ങാൻ വരാറില്ല.

40000 വരുമാനമുള്ള

കടകൾ കുറവ്

സിവിൽ സപ്ലൈസ് വകുപ്പിന്റെ സർവേ പ്രകാരം 737 കടയുടമകൾക്ക് മാത്രമാണ് പ്രതിമാസം 40,000 രൂപയിൽ കൂടുതൽ കമ്മിഷൻ ലഭിക്കുന്നത്. 10,615 കടകൾക്ക് 30,000ൽ താഴെയും 3196 കടകൾക്ക് 20,000ൽ താഴെയും 63 കടകൾക്ക് 10,000ൽ താഴെയുമാണ് വരുമാനം. വാടകയും ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാർജും നൽകാൻ പലർക്കും കഴിയുന്നില്ല. ഓരോ റേഷൻ കടയിലും 200 മുതൽ 500 വരെ കാർഡുടമകളുണ്ട്.

കാർഡുകൾ കൂടി,

കടകൾ കുറഞ്ഞു

14,312 കടകൾ:

2014ൽ

14179 കടകൾ:

2024ൽ

133:

കുറഞ്ഞ കടകൾ:

....................................

82,13,701 കാർഡുകൾ:

2014ൽ

94,74,636

2024ൽ

12,60,935

വർദ്ധിച്ച കാർഡുകൾ

......................................

റേഷൻ കടയുടമകൾ കടയിൽ ഭാര്യമാരെയാണ് ഇരുത്തുന്നത്. കടയുടമകൾ വേറെ ജോലിക്ക്‌ പോയാണ് കുടുംബം പോറ്റുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനയും മാനസിക പീഡനവും നിമിത്തം സ്ത്രീകളും കടകളിലിരിക്കാൻ മടിക്കുകയാണിപ്പോൾ.

- സെബാസ്റ്റ്യൻ ചൂണ്ടൽ,

ആൾ കേരള റേഷൻ ഡീലേഴ്‌സ്

അസോ.സംസ്ഥാന സെക്രട്ടറി