വടക്കാഞ്ചേരി: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ വാഹന പാർക്കിംഗിനായി നെട്ടോടമോടി രോഗികളും വാഹന ഉടമകളും. ജില്ലാ ആശുപത്രിയുടെ പുതിയ ഒ. പി. കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതും പാർക്കിംഗിന് അനുവദിച്ചിരുന്ന സ്ഥലങ്ങൾ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമായി പരിമിതപ്പെടുത്തിയതുമാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. ഗുരുതരാവസ്ഥയിലായ രോഗികളുമായി എത്തുന്നവരും വാഹനം പാർക്ക് ചെയ്യാൻ പാടുപെടുകയാണ്. രോഗികളെ ആശുപത്രിയിൽ ഇറക്കിയശേഷം മറ്റ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താണ് ഇവർ രോഗിയുടെ സമീപം എത്തുന്നത്. ആശുപത്രുയടെ പഴയ പാർക്കിംഗ് സ്ഥലം മുഴുവൻ അടച്ച് കെട്ടിയ നിലയിലാണ്. നിലവിൽ വാഹനങ്ങൾ സംസ്ഥാന പാതയോരത്താണ് നിറുത്തിയിടുന്നത്. സംസ്ഥാന പാതയോരം പാർക്കിംഗിന് ഉപയോഗിക്കരുതെന്ന് നഗരസഭ അറിയിച്ചിരുന്നു. ഇവിടെ നോ പാർക്കിംഗ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രിയിൽ എത്തുന്നവർക്ക് മറ്റ് മാർഗമില്ലാത്തതിനാൽ നോ പാർക്കിംഗ് ബോർഡിന് സമീപമാണ് വാഹനങ്ങൾ നിറുത്തിയിടുന്നത്.
കെട്ടിട നിർമ്മാണം പൂർത്തിയായാൽ
പ്രശ്‌ന പരിഹാരം
പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള ജില്ലാ ആശുപത്രിയുടെ പുതിയ ഒ. പി. കെട്ടിടം യാഥാർത്ഥ്യമായാൽ ഒരു പരിധിവരെ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 1.52 കോടി രൂപയാണ് കെട്ടിടത്തിന് അനുവദിച്ചിട്ടുള്ളത്. വാപ്‌കോസിനാണ് ചുമതല. ഏഴ് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്.എന്നാൽ രണ്ട് വർഷമായിട്ടും നിർമ്മാണം പൂർത്തിയായിട്ടില്ല.