lottary

അരിമ്പൂർ: ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന വയോധികയെ ഡമ്മി നോട്ട് കൊടുത്ത് കബളിപ്പിച്ച് ടിക്കറ്റും പണവും കവർന്നു. തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുന്നിൽ കച്ചവടം ചെയ്യുന്ന 60 വയസുള്ള മനക്കൊടി നടുമുറി സ്വദേശിനി ആനാംപറമ്പിൽ വീട്ടിൽ കാർത്യായനിയാണ് തട്ടിപ്പിന് ഇരയായത്.

ഭർത്താവ് കൊച്ചുമോന്റെ മരണശേഷം എട്ടു മാസമായി കാർത്യായനി ലോട്ടറി വിൽപ്പന തുടങ്ങിയിട്ട്. മക്കളില്ലാത്ത ഇവർ സഹോദരന്റെ വീട്ടിലാണ് താമസം. ലോട്ടറി വിൽക്കാൻ വരുമ്പോൾ 2 ഗ്ലാസ് കട്ടൻ ചായ കൊണ്ട് വരും. സമീപവാസികൾ ആരെങ്കിലും ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങിനൽകും.

ബൈക്കിലെത്തിയ യുവാവാണ് ലോട്ടറി വാങ്ങിയ ശേഷം 500 രൂപയുടെ ഡമ്മി നോട്ട് നൽകിയത്. ഷൂട്ടിംഗിനും കുട്ടികൾക്ക് കളിക്കാനുമായി അച്ചടിച്ചിട്ടൂള്ള ചിൽഡ്രൻസ് നോട്ട് എന്നെഴുതിയ നോട്ട് തിരിച്ചറിയാൻ കാർത്യായനിക്ക് കഴിഞ്ഞില്ല. 40 രൂപയുടെ 2 ലോട്ടറി ടിക്കറ്റ് യുവാവ് എടുത്തു. പണമായി നൽകിയ ഡമ്മി നോട്ട് മാറി ബാക്കി 420 രൂപ യുവാവിന് നൽകി.

പിന്നീട് വിൽപ്പനയ്ക്കുള്ള ലോട്ടറി എടുക്കാനായി പോയപ്പോളാണ് താൻ കബളിപ്പിക്കപ്പെട്ടതായി കാർത്യായനിക്ക് മനസിലായത്. അടുത്തിടെയായി ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന നിരവധി സംഭവങ്ങൾ കൂടി വരുന്നുണ്ടെങ്കിലും ഡമ്മി നോട്ട് കൊടുത്ത് തട്ടിപ്പ് നടത്തുന്നത് ഇതാദ്യമാണ്.