വേലൂർ: പഴമയുടെ നേരറിവുകൾ സമ്മാനിച്ച ആശയവിനിമയ ഉപാധിയാണ് റേഡിയോ. റേഡിയോയുടെ അപൂർവ ശേഖരവുമായി പ്രദർശനത്തിന് ഒരുങ്ങുകയാണ് വേലൂർ സ്വദേശി ചെറുവത്തൂർ ഫ്രാൻസിസ്. പണ്ട് അകത്തളങ്ങളിൽ അറിവും സംഗീതവും പകർന്ന വിവിധതരം റേഡിയോകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.
ബാല്യകാലസ്മരണകൾ തിരിച്ചുപിടിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഫ്രാൻസിസ് ആരംഭിച്ച ശേഖരണത്തിൽ അപൂർവ റേഡിയോകൾ പോലുമുണ്ട്. വലിയ ഉദ്ദേശ്യങ്ങളൊന്നുമില്ലാതെയാണ് ആദ്യം ശേഖരിക്കാൻ തുടങ്ങിയതെങ്കിലും പിന്നീടത് പ്രധാന ഹോബിയായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുപോലും കുടുംബത്തോടൊപ്പമെത്തി വിവിധതരം റേഡിയോ ശേഖരിച്ചിട്ടുണ്ട്.
ഇപ്പോൾ 49 വയസുള്ള ഫ്രാൻസിസ് 2018 മുതലാണ് റേഡിയോ ശേഖരണം ആരംഭിച്ചത്. കെ.എസ്.ഇ.ബി മുണ്ടൂർ സെക്‌ഷനിലെ ഓവർസിയറാണ്. ഭാര്യ ഫിൽജി നഴ്സായി ജോലി ചെയ്യുന്നു. അഭിഷേക്, അർണോൾഡ്, അർപ്പിത എന്നിവരാണ് മക്കൾ.
കൈയിലുണ്ട്, അപൂർവ റേഡിയോകൾ
1952ലെ ജർമൻ കമ്പനിയുടെ സീമെൻസ് റ്റ്യൂബ്.
1950ലെ സീമെൻസ് ജർമനി.
1957ലെ പ്രിൻസ് ഇന്ത്യ
ഫിലിപ്‌സ്, ഹൈഫി, മെർഫി, ബുഷ്, മംഗൾ, കെൽട്രോൺ തുടങ്ങിയ 12 വാൽവ് റേഡിയോകൾ
1965 - 70 കാലത്തെ അകായ്, നാഷണൽ, പാനസോണിക്, ഫിലിപ്‌സ്, ബുഷ് എന്നിവയും
അൽപ്പം റേഡിയോക്കഥ
1928ൽ രാജ്യത്ത് ആദ്യം റേഡിയോ വന്നപ്പോൾ ഒരു വിദേശനിർമിത റേഡിയോക്ക് 600 രൂപയായിരുന്നത്രെ വില. സ്വർണത്തിന് പവന് 18 രൂപ 35 പൈസയുണ്ടായിരുന്നപ്പോഴാണിത്. റേഡിയോയ്ക്ക് അന്ന് ലൈസൻസ് ഫീസും വേണം. ഓരോ വർഷവും 10 രൂപയായിരുന്നു ഫീ. അതേ ലൈസൻസിൽ മറ്റൊരു റേഡിയോ കൂടി വാങ്ങണമെങ്കിൽ 3 രൂപ അധികം നൽകണം. 1970ൽ ലൈസൻസ് ഫീ 15 രൂപയാക്കി. പോസ്റ്റ് ഓഫീസിൽ തുക അടച്ച് ലൈസൻസ് ബുക്കിൽ സ്റ്റാമ്പ് പതിപ്പിച്ച ശേഷമേ ഉപയോഗിക്കാനാകൂ. 1984 മുതൽക്കാണ് സാധാരണക്കാർക്ക് ലൈസൻസില്ലാതെ റേഡിയോ വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമ ഭേദഗതി വന്നത്.
കുടുംബം നല്ല സപ്പോർട്ടാണ്. 1952 ലെ സീമൻസ് വാൽവ് റേഡിയോയാണ് ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട റേഡിയോ. ഇപ്പോഴും അത് പ്രവർത്തിപ്പിക്കും. ഓരോ ദിവസവും ഓരോ റേഡിയോകൾ കേൾക്കുന്നത് ഒരു ശീലമാണ്. റേഡിയോ കേട്ടാണ് ഞാനും കുടുംബാംഗങ്ങളും വീട്ടുജോലികൾ ചെയ്യാറ്.
- ഫ്രാൻസിസ്.