 
കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം ബോട്ട് സർവീസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. മുനമ്പത്ത് സ്ഥാപിച്ച താത്കാലിക മരപ്പാലത്തിലെ തൂണുകൾ ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാ കാത്തതിനാലാണ് സർവീസ് നടത്താൻ കഴിയാതെ വന്നത്. പാലം നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജങ്കാറിൽ ജെ.സി.ബി കയറ്റി എത്തിച്ചാണ് തൂണുകൾ ഇന്നലെ ഉച്ചയോടെ ഉറപ്പിച്ചത്. തുടർന്ന് ആദ്യ സർവ്വീസ് ആരംഭിച്ചെങ്കിലും കരയിലെ ഉയരക്കൂടുതൽ മൂലം യാത്രക്കാർക്ക് ഇറങ്ങാൻ പ്രയാസമായി. നാളെ രാവിലെ അവിടെ നിന്നും മണ്ണ് നീക്കിയശേഷം ബോട്ട് സർവീസ് ആരംഭിക്കുമെന്ന് കരാറുകാരൻ വേണുഗോപാൽ പറഞ്ഞു. എന്നാൽ ആദ്യ ദിനം തന്നെ ബോട്ട് സർവീസ് മുടങ്ങിയത് ജെട്ടി നിർമ്മാണത്തിലെ അപാകത മൂലമാണെന്ന് അഴിക്കോട് മുനമ്പം പാലം സമരസമിതി കുറ്റപ്പെടുത്തി.
ജനങ്ങളുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നും സമരസമിതി ഭാരവാഹികളായ ഇ.കെ. സോമൻ, പി.എ. സീതി, പി.എ. കരുണാകരൻ എന്നിവർ ആവശ്യപ്പെട്ടു. അഴീക്കോട് മുനമ്പം ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരം ബോട്ട് സർവീസ് പുനരാരംഭിച്ചതിനെത്തുടർന്ന് അവസാനിപ്പിച്ചു. എങ്കിലും കോൺഗ്രസ് സമരപ്പന്തൽ പൊളിച്ചു നീക്കിയിട്ടില്ലെന്നും വേണ്ടിവന്നാൽ സമരം പുനരാരംഭിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. സാദത്ത്, നേതാക്കളായ പി.പി. ജോൺ, പി.എ. കരുണാകരൻ, സി.എ. റഷീദ്, പി.കെ. ചന്ദ്രബാബു, നജീബ് പി. മുഹമ്മദ് എന്നിവരും പറഞ്ഞു.