പെരിങ്ങോട്ടുകര: ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടന്നുവരികയായിരുന്ന
ബി.എം.എസ് ചേർപ്പ് മേഖലാ സെക്രട്ടറിയും കെ.എസ്.ടി എംപ്ലോയീസ് സംഘ് മുൻ ജില്ലാ സെക്രട്ടറിയും ഇ.പി. ഗിരീഷിനെയും ഭാര്യയെയും വഴിയിൽ തടഞ്ഞ് ഡി.വൈ.എഫ്.ഐ നേതാവ് കൈയ്യേറ്റം ചെയ്തതായി പരാതി. ഇ.പി. ഗിരിഷ് കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചിന് ചെമ്മാപ്പിളളിയിലാണ് സംഭവം. കൂട്ടുമാക്കൽ ശ്രീരാജ് എന്നയാളാണ് ഇവരെ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
ചെമ്മാപ്പിള്ളി സെന്ററിൽ ബസ് ഇറങ്ങിയതിനു ശേഷം വീട്ടിലേക്ക് നടന്നുവരികയായിരുന്നു ഗിരീഷ്. ഈ സമയം ഭാര്യയും ഒപ്പമുണ്ടായിരുന്നു. വഴിയിലൂടെ നടക്കാൻ സമ്മതിക്കില്ലെന്നും വീട്ടിൽ ജീവിക്കാൻ സമ്മതിക്കില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു പ്രതിയുടെ പരാക്രമം. ഇയാൾ റോഡിന് കുറുകെ സ്‌കൂട്ടർ നിറുത്തി വഴി തടഞ്ഞു. അന്തിക്കാട് പാെലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ച് പൊലീസ് സ്ഥലത്ത് എത്തിയതിനശേഷം മാത്രമാണ് ഗിരീഷിനും ഭാര്യക്കും വീട്ടിലേക്ക് പോയത്.
സംഭവത്തിൽ ഗിരീഷ് അന്തിക്കാട് പൊലീസിൽ നൽയ പരാതിയിൽ കേസെടുത്തു. കമ്മ്യൂണിസ്റ്റ് കാടത്തത്തിനെതിരെ ഇന്ന് ചെമ്മാപ്പിള്ളിയിൽ വിവിധ സംഘ പരിവാർ സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കും.