തൃശൂർ: ശക്തി തെളിയിച്ച് മുന്നണികൾ, ആവേശത്തിമിർപ്പിൽ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്നു മുന്നണികളും ആവേശത്തിന്റെ അലകൾ തീർത്താണ് ആഴ്ചകളായുള്ള പ്രചാരണത്തിന് സമാപനം കുറിച്ചത്. രാവിലെ മുതൽ മണ്ഡലമാകെ ഉത്സവപ്രതീതിയിലായിരുന്നു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർത്ഥികളുടെ റോഡ് ഷോയും ശബ്ദ പ്രചാരണത്തിന്റെ സമാപന ദിവസം ആവേശം പകർന്നു.

വൈകിട്ട് നാലോടെ മൂന്നു മുന്നണികളുടെയും പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു. ഇതോടെ ശബ്ദമുഖരിതമായി ചേലക്കര. കാവടികൾ, നാടൻ കലാരൂപങ്ങൾ, ശിങ്കാരി മേളം എന്നിവ അരങ്ങ് കൊഴുപ്പിച്ചു. സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിക്കുന്നതിനൊപ്പം ആക്ഷേപഹാസ്യ ഗാനങ്ങളും കൗതുകമുണർത്തി. ചരിത്രത്തിലെ ഏറ്റവും വലിയ കൊട്ടിക്കലാശത്തിനാണ് ചേലക്കര സാക്ഷ്യം വഹിച്ചത്.


സ്ഥാനാർത്ഥി എത്തുംമുൻപേ ആവേശം


കലാശക്കൊട്ടിന് സ്ഥാനാർത്ഥിയെത്തും മുൻപേ നേതാക്കളും പ്രവർത്തകരും ബസ് സ്റ്റാൻഡ് പരിസരം കൈയ്യടക്കി. യു.ഡി.എഫിനായി ടി.എൻ. പ്രതാപൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാൻഡിൽ പ്രവേശിച്ച് പ്രസംഗം തുടർന്നു. ജെബി മേത്തർ എം.പി, എം.എൽ.എമാരായ ഉമ തോമസ്, ചാണ്ടി ഉമ്മൻ, വി.ടി. ബലറാം എന്നിവരുമെത്തി ഇടതുസർക്കാരിനെ നിശിതമായി വിമർശിച്ചു.

ഇടതു നേതാക്കളായ മന്ത്രി കെ. രാജൻ, വി.എസ്. സുനിൽ കുമാർ, എം.എം. വർഗീസ്, എ.സി. മൊയ്തീൻ, കെ.കെ. വത്സരാജ്, അഡ്വ. സി.ടി. ജോഫി, സി.ആർ. വത്സൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കലാശപ്പോരിന് എൽ.ഡി.എഫ് എത്തിയത്. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥികൾ എത്തുംമുൻപേ അരങ്ങ് കൊഴുപ്പിച്ചെങ്കിലും എൻ.ഡി.എ കളത്തിലെത്തിയ സ്ഥാനാർത്ഥിക്കൊപ്പമായിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥാനാർത്ഥി എത്തിയത്. സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ വന്നതോടെ ആവേശം ഇരട്ടിച്ചു.


ആവേശം പകർന്ന് രാഹുൽ മാങ്കുട്ടത്തിൽ

യു.ഡി.എഫ് പ്രവർത്തകരെ ആവേശത്തിലാക്കി പാലക്കാട്ടെ സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിൽ. സമാപനം നടന്ന ബസ് സ്റ്റാൻഡിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, സ്ഥാനാർത്ഥി രമ്യ ഹരിദാസ് എന്നിവർക്കൊപ്പം തുറന്ന വാഹനത്തിൽ എത്തിയ രാഹുൽ രമ്യക്കൊപ്പവും പ്രവർത്തകർക്കൊപ്പവും സെൽഫിയെടുത്തും ആവേശം കൊള്ളിച്ചു.