ചാലക്കുടി: ട്രാൻസ്‌പോർട്ട് കോൺട്രാക്ടർ വാഹനങ്ങൾ നൽകാത്തതിനെ തുടർന്ന് ചാലക്കുടി മുകുന്ദപുരം താലൂക്കുകളിലെ റേഷൻ വിതരണം സ്തംഭനത്തിൽ. പെർമിറ്റിന് വിരുദ്ധമായി വാഹനങ്ങളിൽ അമിത ലോഡ് കയറ്റാൻ ചുമട്ടുതൊഴിലാളികളും ഉദ്യോഗസ്ഥരും തയ്യാറാകാത്തതാണ് കോൺട്രാക്ടർ വാഹനം വിട്ടുതരാൻ മടിക്കുന്നതെന്നാണ് ആരോപണം. ചാലക്കുടിയിൽ 195 റേഷൻ കടകളിലും അരിയും മറ്റിനങ്ങളും നവംബർ മാസത്തിൽ എത്തിക്കാനായിട്ടില്ല. മുകുന്ദപുരത്തെ 160 റേഷൻ കടകളിലെ സ്ഥിതിയും ഇതുതന്നെ. കോൺട്രാക്ടറും തൊഴിലാളികളും തമ്മിൽ മാസങ്ങളായി ഇത്തരം തർക്കങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്നു. എന്നാൽ മാസാവസാനം ഉദ്യോഗസ്ഥർ ഇടപെട്ട്് താത്ക്കാലിക ഒത്തുതീർപ്പുണ്ടാക്കുകയാണ് പതിവ്. ഇത് തുടർക്കഥയായതോടെ തൊഴിലാളികൾ ഈ മാസം ആദ്യംതന്നെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ എല്ലാ റേഷൻ കടകളിലേയ്ക്കുള്ള വിതരണവും തടസപ്പെട്ടു. ഈ പോസ് മെഷിൻ പ്രവർത്തന രീതിയിൽ വിവിധ തരത്തിലുള്ള അരിയുണ്ടെങ്കിൽ മാത്രമെ കാർഡ് ഉടമകൾക്ക് പതിച്ചു നൽകാൻ സാധിക്കുകയുള്ളെന്ന് കട ഉടമകൾ പറയുന്നു.