ചേലക്കര: പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രത്തിനും പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ചെറുതുരുത്തി, പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഇന്നുകൂടി കളക്ടർ അവധി പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ദിനമായ നാളെ മണ്ഡലത്തിലെ എല്ലാ സർക്കാർ/ അർധ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേതനത്തോടെ പൊതുഅവധി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.


600 ലധികം പൊലീസുകാർ
മണ്ഡലത്തിലെ സുരക്ഷിതമായ പോളിംഗ് ഉറപ്പ് വരുത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി. തിരഞ്ഞെടുപ്പ് ജോലിക്കായി തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് കീഴിൽ കേരള പൊലീസിന്റെ 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിക്കുന്നത്.


വനിതകൾ നിയന്ത്രിക്കും
സ്ത്രീകൾക്ക് ചുമതലയുളള ഒരു പോളിംഗ് സ്റ്റേഷൻ ചേലക്കര ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്‌കൂൾ എ ബ്ലോക്കിൽ തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ എൽ.എഫ് കോൺവെന്റ് ഹൈസ്‌കൂളിലെ ബൂത്ത് സ്ത്രീകൾ നിയന്ത്രിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും.