 
കുന്നംകുളം: ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം 15 ന് തുടക്കം. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് നടക്കുന്ന സമ്മേളനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അദ്ധ്യക്ഷനാകും. 16 ന് വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഋഗ്വേദ പരീക്ഷയായ വാരമിരിക്കൽ തുടങ്ങും. തൃശൂർ തിരുനാവായ യോഗങ്ങളിൽ നിന്നുള്ള ഋഗ്വേദപണ്ഡിതർ പങ്കെടുക്കും. അന്തർദേശീയ സെമിനാർ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 'സാമൂഹിക സാംസ്‌കാരിക ചരിത്രരേഖകൾ വേദാംഗകല്പകൃതികളിൽ' എന്ന വിഷയത്തിലെ സെമിനാറിൽ 12 പ്രബന്ധങ്ങൾ അവതരിപ്പിക്കും.
20ന് തുടങ്ങുന്ന നൃത്താരാധന നടി രചനാ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യും. 23ന് വാക്യാർഥസദസ്. അന്യോന്യപരിഷത്ത് നൽകുന്ന വാചസ്പതി, വേദബന്ധു പുരസ്‌കാരങ്ങൾ വൈകീട്ട് സമ്മാനിക്കും. വാചസ്പതി പുരസ്‌കാരം പ്രൊഫ. ടി.കെ. സരളയ്ക്കും വേദബന്ധു പുരസ്‌കാരം ഡോ. സുധാ ഗോപാലകൃഷ്ണനുമാണ്. വൈകീട്ട് 5ന് നടക്കുന്ന സമാപനസമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. രാത്രി 9ന് കചേലവൃത്തം കഥകളിയുണ്ടാകും. അന്യോന്യം നടക്കുന്ന 10 ദിവസവും ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ, കേളി, ഋഗ്വേദാർച്ചന, മേളത്തോടെ ശീവേലി, പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, സംവാദങ്ങൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവയുണ്ടാകും.