 
തൃശൂർ: ഇന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ മുന്നണിക നേതാക്കളുടെ കൂട്ടപ്പൊരിച്ചിൽ ഇനി പാലക്കാടാകും. ചേലക്കരയിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലാണ് മത്സരമെങ്കിൽ പാലക്കാട് കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാന ഏറ്റുമുട്ടൽ. എൽ.ഡി.എഫ് കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തായിരുന്നു. ഇത്തവണ കോൺഗ്രസ് വിട്ടുവന്ന പി. സരിനെ സ്ഥാനാർത്ഥിയാക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോൺഗ്രസിലും ബി.ജെ.പിയിലുമുള്ള സംഘടനാ പ്രശ്‌നങ്ങൾ മുതലെടുത്ത് കളംപിടിക്കാൻ കഴിയുമോയെന്നാണ് സി.പി.എം നോക്കുന്നത്. കള്ളപ്പണം ഉൾപ്പെടെ പ്രധാന ചർച്ചയായി മാറിയ മണ്ഡലത്തിൽ തങ്ങളുടെ സിറ്റിംഗ് സീറ്റ് കൈവിടുന്നതിനെക്കുറിച്ച് യു.ഡി.എഫിന് ആലോചിക്കാനേ കഴിയില്ല. അതിനാൽ അവസാന ദിവസങ്ങളിൽ യു.ഡി.എഫിലെ പ്രധാന നേതാക്കളെയെല്ലാം പ്രചാരണത്തിന് മണ്ഡലത്തിലെത്തിക്കും.