കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെ.കെ.ടി.എം കോളേജിന് സമീപത്തുള്ള ഹോം സ്റ്റേകളുമായി ബന്ധപ്പെട്ട് ഉയർന്ന സംഘർഷങ്ങൾ സമാധാനപരമായും നിയമപരമായും പരിഹാരം കാണുന്നതിന് നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹോം സ്റ്റേ ഉടമസ്ഥർ, കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അദ്ധ്യാപകർ, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

ഹോം സ്റ്റേകളിൽ താമസിക്കുന്ന വിദ്യാർത്ഥി - വിദ്യാർത്ഥിനികളെ കൂടാതെ പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കോളേജിനകത്തും ഹോം സ്റ്റേകളിലും മയക്കുമരുന്ന് ഉപയോഗം കർശനമായി നിരോധിക്കുന്നതിന് പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. വിദ്യാർഥിനികളോട് മോശമായി പെരുമാറിയാൽ നിയമനടപടിയെടുക്കുമെന്നും യോഗത്തിൽ അധികൃതർ വ്യക്തമാക്കി.

രാത്രിയിൽ കോളേജ് ക്യാമ്പസിൽ പ്രവേശനം നിരോധിക്കാനും തീരുമാനമായി. ഹോം സ്റ്റേകൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യം നഗരസഭാ കൗൺസിൽ ചേർന്ന് തീരുമാനിക്കും. ക്ഷേത്ര പരിസരത്ത് അസമയങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി.

വൈസ് ചെയർമാൻ വി.എസ്. ദിനൽ, നഗരസഭാ കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, സി. നന്ദകുമാർ, കോളേജ് പ്രിൻസിപ്പൽ ബിന്ദു ശർമിള, വൈസ് പ്രിൻസിപ്പൽ ഡോ. ജി. ഉഷാകുമാരി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഷഹന, പൊലീസ് സബ് ഇൻസ്‌പെക്ടർ കശ്യപൻ, എക്‌സൈസ് ഇൻസ്‌പെക്ടർ വി.എസ്. പ്രദീപ്, ഹോം സ്റ്റേ പ്രതിനിധി കെ.ആർ. മാധവൻ എന്നിവർ സംസാരിച്ചു.