photo-

ചെറുതുരുത്തി : പോളിംഗ് ബൂത്തുകളിൽ ഇ.വി.എം മെഷീനുകൾ സജ്ജം. ചേലക്കരയിലെ ജനങ്ങൾ ഇന്ന് വിധി എഴുതും. 177 ബൂത്തുകളും മൂന്ന് അഡീഷണൽ ബൂത്തുകളുമടക്കം 180 ബൂത്തുകളാണ് ആകെയുള്ളത്. 14 ക്രിട്ടിക്കൽ ബൂത്തുകളുമുണ്ട്. ഈ ബൂത്തുകളിൽ അഡീഷണലായി ഓരോ ഒബ്‌സർവറെ കൂടി നിയോഗിച്ചു. 180 വോട്ടിംഗ് മെഷീനുകൾ കൂടാതെ 21 അഡീഷണൽ മെഷീനുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. 47 വാഹനങ്ങളിലായാണ് വോട്ടിംഗ് മെഷീനുകളും ഉദ്യോഗസ്ഥരെയുമാണ് ബൂത്തുകളിലെത്തിച്ചത്. ഒരു ബൂത്തിൽ നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഒരു പൊലീസുദ്യോഗസ്ഥനും ഉണ്ടാകും. എല്ലാ ബൂത്തുകളിലും ക്യാമറ നിരീക്ഷണമുണ്ടാകും. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും ചെറുതുരുത്തി ഗവ. ഹയർ സ്‌കൂളിലെ പ്രത്യേകം സജ്ജമാക്കിയ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും. 23ന് ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ.
ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ രണ്ട് കൗണ്ടറുകളിലൂടെയാണ് ഇ.വി.എം മെഷീനുകൾ വിതരണം ചെയ്തത്. ഇ.വി.എം മെഷീനുകൾ ബൂത്തുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ എം.എ. ആശയും പങ്കെടുത്തു. എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.