strike
വത്സൻ ചമ്പക്കര നഗരസഭ കാര്യാലയത്തിൽ ആരംഭിച്ച സത്യാഗ്രഹ സമരം

ചാലക്കുടി: വികസന പ്രവർത്തനങ്ങളിൽ തുടർച്ചയായി ഗുരുതര വീഴ്ചകൾ വരുത്തുന്ന പൊതുമരാമത്ത് അസി. എൻജിനീയറെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കാര്യാലയത്തിൽ ഭരണപക്ഷ കൗൺസിലർ വത്സൻ ചമ്പക്കര അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. അസിസ്റ്റന്റ് എൻജിനീയർ ഷബാനയ്‌ക്കെതിരെയാണ് സമരം. ഉദ്യോഗസ്ഥയുടെ അലംഭാവം മൂലം കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടര കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനായില്ലെന്ന് വത്സൻ ചമ്പക്കര പറയുന്നു. പിന്നീട് പുതിയ സാമ്പത്തിക വർഷത്തെ ഫണ്ടാണ് ഇതിനായി വിനിയോഗിച്ചത്. പോട്ടയിലെ കുളം നിർമ്മാണം, പാമ്പാമ്പോട്ട് ക്ഷേത്ര റോഡ് നിർമ്മാണം എന്നിവയും ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം സ്്തംഭിച്ചു. എല്ലാ കൗൺസിലർമാരും ഇവർക്കെതിരെ കൗൺസിൽ യോഗങ്ങളിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും വത്സൻ ചമ്പക്കര വ്യക്തമാക്കി. പോട്ട വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് കൗൺസിലറായ വത്സൻ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിലാണ് കോൺഗ്രസിൽ ചേർന്ന് ഭരണമുന്നണി അംഗമായത്.