 
ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ തൊണ്ണൂറ്റി നാലാം വയസിലും പാമ്പാടി സ്‌കൂളിലെ ബൂത്തിൽ തിരഞ്ഞെടുപ്പ് ചൂടുമായി ശേഷയ്യരുണ്ട്. തിരുവില്വാമല പാമ്പാടി കൂട്ടാലമഠം ശേഷയ്യർ ബൂത്ത് ഏജന്റ് ആകാൻ തുടങ്ങിയിട്ട് വർഷം എഴുപത്തിനാലായി. യു.ഡി.എഫിന്റെ ബൂത്ത് ഏജന്റാണ്. ചെറുപ്പക്കാരുടെ വീറോടെയാണ് ശേഷയ്യർ തിരഞ്ഞെടുപ്പ് ചൂടിലമരാറുള്ളത്. പാമ്പാടി സ്‌കൂൾ ബൂത്തിലെ ഏജന്റ് ആരെന്ന് ചോദിച്ചാൽ കൊച്ചു കുട്ടികൾ പോലും പറയും അത് ശേഷയ്യരാണെന്ന്. 1930ൽ ജനിച്ച ശേഷയ്യർ ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ രാവിലെ പോളിംഗ് തുടങ്ങി അവസാനിക്കുവോളം കർമ്മനിരതായുണ്ടാകും. 1950 മുതൽ കോൺഗ്രസ് പ്രവർത്തകനാണ്. കോൺഗ്രസ് നേതാവായ പി.എ.എൻ മേനോൻ ആണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു. ടി.കെ. നായർ, മാധവൻകുട്ടി മേനോൻ പണ്ടാരക്കളം എന്നിവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. കൃഷിയെ നേഞ്ചേറ്റുന്ന ശേഷയ്യർ പാർട്ടിയിലെ മറ്റ് ഉത്തരവാദിത്വ സ്ഥാനങ്ങളൊന്നും ഏറ്റെടുക്കാൻ തയ്യാറുമല്ല. നാട്ടിലെ എല്ലാവരേയും നേരിൽ അറിയാം എന്നതുകൊണ്ട് കള്ളവോട്ട് ചെയ്യാൻ ആരെത്തിയാലും തിരിച്ചറിയാം എന്ന ഉറപ്പ് ശേഷയ്യർക്കുണ്ട്. പാർട്ടിക്കാർക്കും അതുറപ്പാണ്.