 
ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശി രണ്ടാം ദിവസമായ ഇന്നലെ ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയായിരുന്നു വിളക്കാഘോഷം. ഏകാദശി ദിവസമാണ് ഉദയാസ്തമന പൂജയോടെ ദേവസ്വം വക വിളക്കാഘോഷം നടത്താറ്. എന്നാൽ ഈ വർഷം ഏകാദശി ദിവസം ഉദയാസ്തമന പൂജ ഒഴിവാക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിക്കുകയായിരുന്നു.
പതിനായിരക്കണക്കിന് ഭക്തരാണ് ഏകാദശി ദിവസം വ്രതം നോറ്റ് ദർശനത്തിനെത്തുക. ഉദയാസ്തമയ പൂജയ്ക്കായി പലതവണ നട അടയ്ക്കേണ്ടി വരുന്നതിനാൽ ഭക്തർക്ക് കൂടുതൽ മണിക്കൂറുകൾ ദർശനത്തിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്. അതിനാലാണ് ഏകാദശി നാളിലെ ഉദയാസ്തമയ പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പകരം തുലാംമാസത്തിലെ ഏകാദശി നാളായ ഇന്നലെ ഉദയാസ്തമയ പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ക്ഷേത്രം സാമൂതിരിയുടേതായിരുന്ന കാലം തൊട്ട് ഏകാദശി നാളിൽ ഉദയാസ്തമയ പൂജ ഉണ്ടായിരുന്നു. ചിറളയം കോവിലകമാണ് പൂജ നടത്തിയിരുന്നത്. ക്ഷേത്രം ദേവസ്വം ഏറ്റെടുത്ത ശേഷമാണ് ഏകാദശി നാളിൽ ദേവസ്വം നേരിട്ട് ഉദയാസ്തമന പൂജ നടത്താൻ തുടങ്ങിയത്. ഈ പതിവാണ് ഈ വർഷം മാറ്റുന്നത്. ക്ഷേത്രത്തിൽ ഏകാദശി നാളിൽ ഉദയാസ്തമയ പൂജ നടത്തേണ്ടതില്ലെന്ന ദേവസ്വം തീരുമാനത്തിനെതിരെ തന്ത്രി കുടുംബത്തിലെ 12 അംഗങ്ങൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിന് എതിരാകുമെന്ന് കോടതിയെ സമീപിച്ച തന്ത്രി കുടുംബമായ പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങൾ പറയുന്നു. വരി നിൽക്കുന്ന ഭക്തർക്ക് സൗകര്യം ഒരുക്കുകയാണ് ദേവസ്വം ചെയ്യേണ്ടതെന്നും, അതല്ലാതെ ആചാരം മാറ്റുകയല്ല വേണ്ടതെന്നുമാണ് പുതിയ തീരുമാനത്തെ എതിർക്കുന്നവരുടെ പക്ഷം. ഉദയാസ്തമന പൂജ സംബന്ധിച്ച കേസ് ഫയലിൽ സ്വീകരിച്ച കോടതി ദേവസ്വത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.