നെടുംമ്പാൾ: കോന്തിപുലം പാടത്ത് എത്തുന്നവർക്ക് കൗതുകമുണർത്തി ഒരു ഫ്‌ലക്‌സ് ബോർഡുണ്ട്. 'മദ്യസേവ നടത്തുന്ന മാന്യ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിൽ 'പാടശേഖരത്ത് മദ്യപിക്കാനെത്തുന്നവർക്കായ് കർഷകർ സ്ഥാപിച്ചതാണ് ഈ ബോർഡ്. പാടശേഖരത്തിലെ ബണ്ടിലും വരമ്പുകളിലും ഇരുന്ന് പ്രകൃതി ഭംഗി ആസ്വദിച്ച് മദ്യപിക്കുന്ന സഹോദരങ്ങളോട് 'വലിച്ചെറിയരുതെ മദ്യക്കുപ്പികൾ' എന്ന കർഷകരുടെ അഭ്യർത്ഥനയാണിത്. മദ്യപാനം കഴിയുമ്പോൾ കുപ്പികൾ പൊട്ടിച്ചിടുന്ന വിനോദമാണ് കർഷകർക്ക് വിനയാകുന്നത്. കുപ്പിച്ചില്ല് കാലിൽ കയറി മാസങ്ങളോളം പണയെടുക്കാൻ കഴിയാത്ത അവസ്ഥയാണ് കോന്തിപുലം പാടശേഖരത്തെ കർഷകർക്ക്. മദ്യപാനികളുടെ ക്രൂരതയിൽ പൊറുതിമുട്ടി മദ്യസേവകരെ ബോധവത്കരിക്കാനാണ് കർഷക കൂട്ടായ്മ ഇന്നലെ പ്രധാന ബണ്ടിൽ ഫ്‌ലക്‌സ് ബോർഡും സ്ഥാപിച്ചത്. കൊയ്ത്ത് കഴിഞ്ഞാൽ വെള്ളം കയറി കിടക്കുന്ന പാടത്തേയ്ക്ക് വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ട്രാക്ട്ടർ ഇറക്കി നിലം ഉഴുമ്പോൾ ഇവ പൊട്ടും. പിന്നീട് ടില്ലർ ഇറക്കി നിലം ഒരുക്കുന്നവരുടെയും നടീൽ നടത്തുന്നവരുടെയും കാലിൽ ചില്ല് കയറുന്നത് പതിവാണ്. കോന്തി പുലത്ത് ബിവറേജ് ഔട്ട്‌ലറ്റ് തുറന്നതിന് ശേഷമാണ് ഈ ദുരിതമെന്നും എക്‌സൈക്‌സ് അധികൃതരെ അറിയിച്ചെങ്കിലും പ്രതിവിധി ഉണ്ടായില്ലെന്നും കർഷകർ പറയുന്നു. സ്ഥിരമായി മദ്യപിക്കാനെത്തുന്ന പ്രദേശവാസികളോട് കർഷകർ നേരിട്ട് അഭ്യർത്ഥിക്കുകയും മറ്റ് സ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്കായ് ഈ വഴിയും സ്വീകരിച്ചതെന്ന് കർഷകർ അറിയിച്ചു.
300 ഏക്കറോളം കൃഷിയിടം
റോഡിന് ഇരുവശത്തുമായി 300 ഏക്കറോളം വരുന്നതാണ് കൃഷിയിടം. റോഡിന് തെക്കുവശം കോന്തിപുലം കോൾ കർഷക സംഘവും മറുവശത്ത് ധനുപുരം വെസ്റ്റ് കർഷക സമിതിയുമാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. ഇടത്തരം കർഷകരാണ് ഈ പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്ന കർഷകർ.
മദ്യപാനികളെ ഒന്ന് ഓർക്കുക
കർഷകന്റെ ചേറിലെ വിയർപ്പാണ് നിങ്ങളുടെ തീൻമേശയിലെ ചോറ് എന്ന് മറക്കാതിരിക്കുക.