ചാലക്കുടി: ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി ഭരണപക്ഷ കൗൺസിലർ തന്നെ ഓഫീസ് കവാടത്തിൽ സത്യഗ്രഹ സമരം തുടങ്ങിയത് നഗരസഭാ കൗൺസിലിന് തലവേദനയാകുന്നു. ഭരണപക്ഷത്തെ അംഗമാണ് ഇത്തരത്തിൽ സമരം ചെയ്യുന്നതെന്നതും കൗതുകം. മാസങ്ങൾക്ക് മുൻപ് ഒരു ഉദ്യോഗസ്ഥനെ ഓഫീസ് മുറിയിൽ അടച്ചിട്ട് പ്രതിഷേധിച്ച വത്സൻ ചമ്പക്കരയാണ് പുതിയ സമര മുറയുമായി രംഗത്തെത്തിയത്.

പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തുന്ന പൊതുമരാമത്ത് വകുപ്പിലെ അസി. എൻജിനിയറുടെ പേരിൽ നടപടി ആവശ്യപ്പെട്ടാണ് സമരമെങ്കിലും ഭരണപക്ഷത്തെ ചേരിപ്പോരും ഇതിന് പ്രേരണയായെന്ന് പറയപ്പെടുന്നുണ്ട്. പുതിയ വൈസ് ചെയർപേഴ്‌സനെ തിരഞ്ഞെടുക്കൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ അവരോധിക്കൽ തുടങ്ങിയ കാര്യങ്ങളിൽ നേതൃത്വവുമായി കൗൺസിലർ കടുത്ത ഭിന്നതയിലാണെന്നാണ് അറിയുന്നത്.

ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള സമരമാണെങ്കിലും നഗരസഭാ ചെയർമാന്റെ വീഴ്ചയായി സംഭവത്തെ വിലയിരുത്തുന്നവരുമുണ്ട്. ഇപ്പോഴത്തെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത വേളയിൽ നഗരസഭയിലെ രണ്ട് വകുപ്പ് ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്ന് വാർത്താ സമ്മേളനം നടത്തി പറഞ്ഞതും പ്രസക്തമാണ്. അടച്ചിട്ട ക്രിമറ്റോറിയം, സഞ്ചരിക്കുന്ന സെപ്‌റ്റേജ് ട്രീറ്റ് പ്ലാന്റിന്റെ ദയനീയാവസ്ഥ തുടങ്ങി നിരവധ പ്രശ്‌നങ്ങളിൽ കുടുങ്ങി നട്ടംതിരിയുന്ന ഭരണസമിതിക്ക് മറ്റൊരു വെല്ലുവിളിയായി മാറുകയാണ് സ്വന്തം പാർട്ടിയിലെ കൗൺസിലറുടെ ഒറ്റയാൾ സമരം.