പുതുക്കാട്: കുറുമാലിപ്പുഴയുടെ തീരത്തെ വിഷ്ണുദാസിന് വധു കമ്പോഡിയയിൽ നിന്ന്. കമ്പോഡിയയുടെ തലസ്ഥാനമായ നോംഫെനിലിലെ പുരാതന കുടുംബാംഗമായ ജെന്നിയെയാണ് കോയമ്പത്തൂരിന് അടുത്തുള്ള വെസ്റ്റേൺ വാലി റിസോർട്ടിൽ വച്ച് വിഷ്ണുദാസ് വരണമാല്യം ചാർത്തിയത്.
ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായി വിദേശമദ്യ കമ്പനിയുടെ ഷെവലിയർ പട്ടം കരസ്ഥമാക്കിയ ബ്ലെൻഡറും ബാർ എക്‌സിക്യൂട്ടിവുമാണ് വിഷ്ണു. എട്ട് വർഷമായി കമ്പോഡിയയിലാണ് ജോലി. നോംഫെനിലെ ഇൻഷ്വറൻസ് കമ്പനിയുടെ ഹെഡ് ഒഫ് എജൻസി ഓപ്പറേറ്ററാണ് ജെന്നി. ഹിന്ദുമതാചാരപ്രകാരമായിരുന്നു വിവാഹം. കമ്പോഡിയൻ കടുംബാംഗങ്ങളുടെ നിർബന്ധപ്രകാരമാണ് കോയമ്പത്തുരിൽ ഹിന്ദുമതാചാര പ്രകാരം വിവാഹം നടന്നതത്രെ. കംബോഡിയയിൽ നിന്നെത്തിയ ജെന്നിയുടെ 25 ഓളം കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.
ബുദ്ധമത വിശ്വാസികളായ കമ്പോഡിയൻ കുടുംബാംഗങ്ങൾ ഭാരതത്തിലെ പുണ്യപുരാതന ബുദ്ധമത സങ്കേതങ്ങൾ സന്ദർശിച്ചശേഷമാകും മടങ്ങുക. വിവാഹസത്കാരം ഈ മാസം 30ന് ഹയാത്ത് റീജ്യൻസിയിൽ നടക്കും. കെ.ആർ.എസ് എന്ന ആദ്യകാല വ്യാപാരപ്രമുഖൻ കുറുമാലി കേമത്തുകാട്ടിൽ ശങ്കരന്റെ മകൻ പരേതനായ രാമദാസിന്റെ മകനാണ് വിഷ്ണുദാസ്. ഏറെക്കാലമായി കുടുംബം കോയമ്പത്തൂരിലാണ് താമസം. അനിതയാണ് വിഷ്ണുവിന്റെ അമ്മ. ഏകസഹോദരി ലക്ഷ്മീദാസ് ഇംഗ്ലണ്ടിൽ പഠനശേഷം അവിടെ തന്നെ ജോലി ചെയ്യുന്നു. ഭർത്താവ് ഹർഷദ് കമ്പനി സെക്രട്ടറിയായി നെതർലാഡിലാണ്.