ഡിസംബറോടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുമെന്ന് ചെയർപേഴ്‌സൺ

ഇരിങ്ങാലക്കുട: റോഡുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച അജണ്ടയിൽ പ്രതിപക്ഷാംഗങ്ങളുടെ രൂക്ഷവിമർശനം. സംസ്ഥാന പാതയിലെ നിർമാണം മൂലം വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ നഗരത്തിലെ മുഴുവൻ റോഡുകളും തകർന്ന നിലയിലാണന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.ആർ. വിജയ പറഞ്ഞു. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതിരുന്നതാണ് ഇതിനിടയാക്കിയത്. അടിയന്തരമായി റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പൊറത്തിശ്ശേരി പ്രദേശത്തെ റോഡുകളുടെ അറ്റകുറ്റപ്പണികളും അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ബി.ജെ.പി അംഗം ടി.കെ. ഷാജു ആവശ്യപ്പെട്ടു. ശുദ്ധജല വിതരണ പദ്ധതിക്കായി പൊളിക്കുന്ന റോഡുകളിലെ കോൺക്രീറ്റിംഗ് അനന്തമായി നീളുന്നത് റോഡുകളുടെ തകർച്ചയ്ക്ക് ഇടയാക്കുന്നുണ്ടെന്നും സമയബന്ധിതമായി കോൺക്രീറ്റിംഗ് നടത്താൻ നടപടി വേണമെന്നും ബി.ജെ.പി അംഗം സന്തോഷ് ബോബൻ ആവശ്യപ്പെട്ടു.

വാഹന ഗതാഗതം വഴിതിരിച്ചുവിട്ടതോടെ പള്ളിക്കാട് സാന്ത്വന സദൻ റോഡിലൂടെ ഭാരവാഹനങ്ങൾ കടന്നു പോകുന്നത് നിരോധിക്കണമെന്ന് എൽ.ഡി.എഫ് അംഗങ്ങളായ സാനി സി.എം, സതി സുബ്രഹ്മണ്യൻ എന്നിവർ ആവശ്യപ്പെട്ടു. വീതി കുറഞ്ഞ റോഡിലൂടെ ഭാരവാഹനങ്ങൾ പോകുന്നതിനാൽ റോഡ് തകർന്നതായും, ചെറിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നർക്ക് അപകട ഭീഷണി ഉണ്ടാകുന്നതായും ഇരുവരും ചൂണ്ടിക്കാട്ടി. ഈ വഴി ഭാരവാഹനങ്ങൾ കടന്നു പോകുന്നതു മൂലം റോഡ് തകരുന്നുവെന്ന് വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനും ചൂണ്ടിക്കാട്ടി.

വഹാന ഗതാഗതം തിരിച്ചുവിട്ട വഴികളിൽ ദിശാ ബോർഡുകൾ സ്ഥാപിക്കണമെന്ന് എൽ.ഡി.എഫ് അംഗം കെ. പ്രവീൺ ആവശ്യപ്പെട്ടു. റോഡുകളുടെ അറ്റകുറ്റപ്പണികൾ ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് പറഞ്ഞു. ശുദ്ധജല വിതരണത്തിനായി പൊളിക്കുന്ന റോഡുകളുടെ കോൺക്രീറ്റിംഗ് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വാട്ടർ അതോറിറ്റി അതികൃതരുമായി ചർച്ച നടത്തും. വാഹന ഗതാാഗതം വഴി തിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് പൊലീസ് അധികൃതരുമായി ചർച്ച നടത്തുമെന്നും ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് നഗരസഭാ കൗൺസിൽ യോഗത്തെ അറിയിച്ചു.