khra-

തൃശൂർ: വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും മറ്റും പ്രതിമാസ വാടകത്തുകയുടെ 18% ജി.എസ്.ടി കൂടി അടയ്ക്കണമെന്ന നിയമവ്യവസ്ഥ പിൻവലിക്കണമെന്ന് മുൻ എം.പി: ടി.എൻ. പ്രതാപൻ. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജി.എസ്.ടി ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സംസ്ഥാന ഉപദേശകസമിതി അംഗം ജി.കെ. പ്രകാശ്, ജില്ലാ സെക്രട്ടറി വി.ആർ. സുകുമാർ, ജില്ലാ ട്രഷറർ സുന്ദരൻ നായർ, വർക്കിംഗ് പ്രസിഡന്റ് വി.ജി. ശേഷാദ്രി, സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രേംരാജ് ചൂണ്ടലാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കെട്ടിട വാടകയിൽ 18% ജി.എസ്.ടി. പിൻവലിക്കുക, ഹോട്ടൽ ഭക്ഷണത്തിലുള്ള ജി.എസ്.ടി. ഒരു ശതമാനമാക്കി കുറയ്ക്കുക, പാചകവാതകത്തിന്റെയും നിത്യോപയാേഗസാധനങ്ങളുടെയും വിലകയറ്റം തടയുക, എം.എസ്.എം.ഇ ആനുകൂല്യങ്ങൾ ഹോട്ടൽ മേഖലയ്ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, അമ്പാടി ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി വി.ആർ. സുകുമാർ എന്നിവർ കേന്ദ്ര ജി.എസ്.ടി. കമ്മിഷണർക്ക് നിവേദനം നൽകി.