വടക്കാഞ്ചേരി: പട്ടികജാതി - വർഗ ക്ഷേമം ലക്ഷ്യമിട്ട് കോടികളുടെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമ്പോഴും ഫലം ലഭിക്കാതെ ഗുണഭോക്താക്കൾ. മൂന്ന് പതിറ്റാണ്ട് മുൻപാണ് വാഴാനി ഡാം കേന്ദ്രീകരിച്ച് പട്ടികജാതി - വർഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘം രൂപീകരിച്ചത്. വാഴാനി ഡാമിൽ മത്സ്യക്കൃഷിക്കുള്ള അധികാരം സംഘത്തിനും തൊഴിലാളികൾക്കുമാണെങ്കിലും ഇപ്പോഴും ഇവർക്ക് കൂട്ട് പട്ടിണി മാത്രം.
മൃഗാല, കട്ട്‌ല, റോഹു, പരൽ, തിലാപ്പിയ, കരിമീൻ തുടങ്ങിയവ കൃഷി ചെയ്തു. എന്നാൽ ഇപ്പോൾ മത്സ്യവിത്ത് നിക്ഷേപത്തിന് വിലക്കാണ്. ഡാമിന് ചുറ്റും വനമായതിനാൽ ചെറുമീനുകൾ നിക്ഷേപിക്കാൻ മാത്രമേ അനുമതിയുള്ളൂ. നാടൻ മത്സ്യക്കുഞ്ഞുങ്ങൾ ഓരോ സീസണിലും നിക്ഷേപിക്കുന്നുണ്ടെങ്കിലും ധാരാളമുള്ള നീർനായകളും നീർകാക്കകളും ഇവയെ ഭക്ഷണമാക്കുകയാണത്രെ. വിത്തിട്ടാലും സഹകരണ സംഘത്തിലെ അംഗങ്ങൾക്ക് വിളവ് ലഭിക്കാറില്ല.
പട്ടിണിയില്ലാതെ കഴിയണമെങ്കിൽ പുറംജോലി ചെയ്യേണ്ട സാഹചര്യമാണ്. അമ്പതോളം മെമ്പർമാർ സംഘത്തിലുണ്ടെങ്കിലും മത്സ്യ ബന്ധനത്തിന് എത്തുന്നത് ഒന്നോ, രണ്ടോ പേർ മാത്രം. വനത്തിലെ ആനഭീതിയും തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കി സംഘം നവീകരണത്തിന് സർക്കാർ പദ്ധതി തയ്യാറാക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഭരണസമിതി.
എം.ടി. പത്മയുടെ ഓർമ്മയിൽ
വടക്കാഞ്ചേരി: മുൻ മന്ത്രി എം.ടി. പത്മയുടെ വിയോഗ വാർത്തയിൽ വേദനയിലാണ് സഹകരണ സംഘം മുൻകാല പ്രവർത്തകർ. സ്വന്തമായി ഓഫിസ്, കെട്ടിടം, അടിസ്ഥാന സൗകര്യം എല്ലാം സമ്മാനിച്ചത് പത്മ ഫിഷറീസ് മന്ത്രിയായിരുന്നപ്പോഴാണ്. ഡാമിന്റെ തൊട്ടടുള്ള ഇപ്പോഴത്തെ കെട്ടിടം 1994 ഫെബ്രുവരി 18ന് എം.ടി. പത്മയാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് ഒരു നവീകരണവും നടന്നില്ല. നഷ്ടം കൂടിയതോടെ പ്രവർത്തനം നിലച്ചു. ഓഫീസ് കെട്ടിടം ഇന്ന് അതീവ ശോചനീയാവസ്ഥയിലാണ്. 30 വർഷം മുമ്പ് നിർമ്മിതിയാണ് കെട്ടിടം പണിതത്. പുനരുദ്ധാരണത്തിന് ചർച്ച നടന്നെങ്കിലും ഫണ്ടിന്റെ അഭാവവും പിന്തുണയില്ലായ്മയും തിരിച്ചടിയായി. ഇന്ന് വൈദ്യുതിയില്ല, കസേരകളില്ല, ശുചിമുറി പോലുമില്ല എന്നതാണ് സ്ഥിതി.