erumapetyregistrar-ofice
പോളേട്ടൻ മുകളിലെ നിലയിലെ വീട്ടിൽ

എരുമപ്പെട്ടി: എരുമപ്പെട്ടി ഗവൺമെന്റ് ആശുപത്രിക്ക് മുന്നിലെ കുറ്റിക്കാട്ടിൽ പോളിനും ഭാര്യയ്ക്കും ഉറക്കെ വർത്തമാനം പറയാൻ പോലും വല്ലാത്ത വീർപ്പുമുട്ടലാണ്. ഓഫീസ് സമയം നോക്കി വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ. പകൽ മുഴുവൻ താഴത്തെ പറമ്പിലും ചുറ്റും ആളുകളുടെ തിരക്കായതിനാൽ വൈകിട്ട് ആറിന് ശേഷമാണ് കുടുംബം പുറത്തിറങ്ങുക. മൂന്ന് മക്കളും ഭാര്യയും ഉൾപ്പെട്ടതാണ് കുടുംബം. പോളിന്റെ 22 വർഷത്തെ ഈ വീർപ്പുമുട്ടലിന് പിന്നിൽ ഒരു ഓഫീസാണ്.

സ്വന്തം വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന എരുമപ്പെട്ടി സബ് രജിസ്ട്രാർ ഓഫീസ്. 2002ലാണ് 1700 സ്‌ക്വയർ ഫീറ്റുള്ള താഴ്ഭാഗം അഞ്ച് വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നത്. കരാർ മൂന്ന് പ്രാവശ്യത്തിലേറെ പുതുക്കിയെങ്കിലും 1033 രൂപ വാടകയിൽ നിന്ന് 1703 രൂപയായി വർദ്ധിപ്പിച്ചതേയുള്ളൂ. ഇപ്പോൾ അഞ്ച് കൊല്ലത്തിലേറെയായി പുതുക്കിയിട്ടുമില്ല. പലചരക്ക് വ്യാപാരിയാണ് പോൾ. ശാരീരിക പ്രയാസമുള്ളതിനാൽ മുകളിലത്തെ നിലയിലേയ്ക്ക് കയറാനും ബുദ്ധിമുട്ടുന്നു. കെട്ടിടം ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നിരവധി അപേക്ഷകളാണ് നൽകിയത്.

പത്ത് ശതമാനം വാടക വർദ്ധിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും കെട്ടിടം ഒഴിഞ്ഞാൽ മതിയെന്നതാണ് പോളിന്റെ ആവശ്യം. കുന്നംകുളം എം.എൽ.എ ഓഫീസ് കെട്ടിടത്തിന് ഒരു കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചെങ്കിലും സ്ഥലം ലഭിച്ചില്ല. കടങ്ങോട് പാഴിയോട്ടുമുറിയിൽ സ്വകാര്യവ്യക്തി സ്ഥലം നൽകാമെന്ന് പറഞ്ഞെങ്കിലും അതും വൃഥാവിലായി.

തുടർന്ന് പോളിന്റെ സുഹൃത്ത് മുഖേന ചേലക്കര സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ ഗോപി തന്റെ ഭൂമി സൗജന്യമായി ഓഫീസിന് നൽകാമെന്നേറ്റു. സംസ്ഥാന പാതയിൽ നിന്ന് നൂറുമീറ്റർ ദൂരത്തിൽ ഏഴ് സെന്റ് ഭൂമിയാണ് നൽകിയത്. ഇനിയെങ്കിലും തന്റെ ദുരിതമൊഴിയുമെന്ന പ്രതീക്ഷയിലാണ് പോൾ. എരുമപ്പെട്ടി സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ഭൂമിദാനച്ചടങ്ങിൽ ജില്ലാ രജിസ്ട്രാർ എ.ശിവകുമാർ, എരുമപ്പെട്ടി ജില്ലാ രജിസ്ട്രാർ എസ്.ബി.ജയപ്രകാശ് എന്നിവർ ചേർന്ന് ഗോപിയിൽ നിന്നും ആധാരം ഏറ്റുവാങ്ങി.

നിരന്തരം അപേക്ഷകൾ നൽകിയിരുന്നു. സ്വന്തമായി കെട്ടിടം പണിതിട്ടേ മാറുകയുള്ളൂവെന്ന് മേലുദ്യോഗസ്ഥർ അറിയിച്ചെന്ന് മുൻപൊരു രജിസ്ട്രാർ പറഞ്ഞിരുന്നു. കെട്ടിടം പണിയാൻ ഫണ്ട് വകയിരുത്താൻ സ്ഥലത്തിന്റെ രേഖകൾ വകുപ്പിലേയ്ക്ക് അയച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.


പോൾ.