drone
ഡ്രോൺ ഉപയോഗിച്ച് വള പ്രയോഗം നടത്തുന്നു

പറപ്പൂർ : തോളൂർ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കാർഷിക വികസന ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സുസ്ഥിര നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് വളം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രഘുനാഥൻ നിർവഹിച്ചു. തോളൂർ പഞ്ചായത്തിലെ സംഘം കോൾ നോർത്ത് പടവിലെ 104 ഹെക്ടർ സ്ഥലത്ത് സമ്പൂർണ്ണ സൂഷ്മ മൂലക മിശ്രിതം മൈക്രോ ന്യൂട്രിൻസ് നെൽച്ചെടികളിലെ ഇലകളിൽ ഡ്രോൺ വഴി സ്‌പ്രേ ചെയ്ത് നെൽച്ചെടികളുടെ ആരോഗ്യവും കീട പ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. തോളൂർ പഞ്ചായത്തിലെ മേഞ്ചിറ കോൾപ്പടവ് കൂടി ഉൾപ്പെടുത്തി മൊത്തം 150 ഹെക്ടർ സ്ഥലത്ത് ഈ ഡ്രോൺ വളപ്രയോഗം നടത്തും. കൃഷി ഡിപ്പാർട്ടുമെന്റ് മൂന്ന് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതി പഞ്ചായത്തിൽ ആദ്യമാണ്. 2000 രൂപ സബ്‌സിഡിയോടെ കർഷകർക്ക് പ്രയോജനം ലഭിക്കും.ഷീന വിത്സൻ അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്‌ളോക്ക് കൃഷി അസി. ഡയറക്ടർ വി.എസ്.പ്രതീഷ് പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ റിയ ജോസഫ് , കെ.ജി. പോൾസൺ , ഷീന തോമാസ്, എ.കെ.സുബ്രഹ്മണ്യൻ, സുനിൽ പോവിൽ എന്നിവർ സംസാരിച്ചു.