പടിയൂർ : മാലിന്യമുക്ത നവകേരള സൃഷ്ടിയുടെ ഭാഗമായി പടിയൂർ പഞ്ചായത്തിലെ പൊതുനിരത്തിൽ നിന്നും ജനകീയ കാമ്പയിനിലൂടെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡിലെയും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലസ്റ്ററുകൾ തിരിച്ച് മാലിന്യ മുക്തമാക്കി. പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് കാക്കാത്തുരുത്തി പാലത്തിന് സമീപം നിർവഹിച്ചു. മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി വിവിധ കാമ്പയിനാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോട്ടിലുകൾ സ്ഥാപിച്ചിരുന്നു. പഞ്ചായത്തിലെ വിവിധ ഓഫീസ്, സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവ ഹരിത ഓഫീസായിട്ടുള്ള പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും കഴിഞ്ഞദിവസങ്ങളിൽ നടത്തി. ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ കാമ്പയിനിൽ പങ്കാളികളായി.